25 August Sunday

കരയെടുത്ത‌് കടൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

കടലാക്രമണത്തിൽ നശിച്ച പൊന്നാനി മുറിഞ്ഞഴി ഭാഗത്തെ വീടുകൾ

പൊന്നാനി/പരപ്പനങ്ങാടി 
മഴ ശക്തമായതോടെ ജില്ലയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷം. പൊന്നാനി, പരപ്പനങ്ങാടി തീരത്ത‌ാണ‌് നാശം കൂടുതൽ. പൊന്നാനിയിൽ 11 വീടുകൾ കടലെടുത്തു. പൊന്നാനിയിൽ അഞ്ചും വെളിയങ്ങോട‌് മൂന്നും പെരുമ്പടപ്പ‌് പാലപ്പെട്ടിയിൽ മൂന്നും വീട‌് തകർന്നു. ഇരുപതോളം വീടുകൾ മണലടിഞ്ഞും വെള്ളം കയറിയും വാസയോഗ്യമല്ലാതായി. 
കാപ്പിരിക്കാട് ഇരുപതും വെളിയങ്കോട് 50ഉം തെങ്ങുകൾ കടപുഴകി. പാലപ്പെട്ടിയിൽ കാപ്പിരിക്കാട് പുളിക്കൽ ഹനീഫ, പുളിക്കൽ അബ്ദുറഹ്മാൻ, അണ്ടത്തോട് ബീവാത്തു എന്നിവരുടെ വീടാണ് തകർന്നത്.  മേപ്പുറത്ത് ഹംസ, തയ്യിൽ കദീജ  തുടങ്ങി നിരവധി വീടുകൾ തകർച്ചാഭീഷണിയിലാണ‌്. 
പൊന്നാനി സൗത്ത് മുല്ലാ റോഡിലെ പുതുവീട്ടിൽ നഫീസ, കുരിക്കളകത്ത് സുഹ്റ, കോയാമാടത്ത് ഹൗലത്ത് എന്നിവരുടെയും വെളിയങ്കോട്
തണ്ണിത്തുറയിൽ എടക്കഴിയൂർക്കാരൻ ഉമ്മർ, ഹംസ എന്നിവരുടെ വീടുകളാണ് കടലെടുത്തത്. പൊന്നാനിയിൽ മുല്ലാ റോഡിനുപുറമെ മുറിഞ്ഞഴി, ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, അലിയാർ പള്ളി പരിസരം എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമായി. കടൽഭിത്തിയില്ലാത്ത മേഖലകളിലാണ് കടലേറ്റം ശക്തം.  പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, മുറിഞ്ഞഴി, മുല്ലറോഡ്, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പാലപ്പെട്ടി അജ്മീർ നഗർ എന്നിവിടങ്ങളിലും കടലേറ്റം ശക്തമാണ്‌. 
 പരപ്പനങ്ങാടി ചാപ്പപ്പടിയിലും വള്ളിക്കുന്ന് പരപ്പാലിലും കടലാക്രമണം രൂക്ഷമാകുന്നു. ഇരു പ്രദേശത്തെയും തീരദേശ റോഡായ ടിപ്പു സുൽത്താൻ റോഡ് തകർച്ചാ ഭീഷണിയിലാണ്. ചാപ്പപ്പടിയിൽ റോഡിന്റെ സുരക്ഷാഭിത്തി ഏത് നിമിഷവും കടലിലേക്ക് പതിക്കുമെന്ന നിലയിലാണ്. റോഡും തകർന്നുകൊണ്ടിരിക്കുകയാണ്. റോഡിനെ തകർത്ത് വെള്ളം കയറിയാൽ ജനവാസ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ വെള്ളം കയറും. അടുത്തിടെയുണ്ടായ കടലാക്രമണവും ചാപ്പപ്പടിയിൽ നാശനഷ്ടമുണ്ടാക്കിയിരുന്നു. പരപ്പാൽ ബീച്ചിലും സ്ഥിതി ഭിന്നമല്ല. റോഡ് തകർന്നതിനാൽ വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് കയറുമെന്ന ഭീഷണിയുണ്ട്. പരപ്പനങ്ങാടി നഗരസഭയിൽ ഒരു ചടങ്ങിനെത്തിയ കലക്ടർ ജാഫർ മാലിക് ചാപ്പപ്പടിയും പരപ്പാലും സന്ദർശിച്ചു. ജിയോ ബാഗുകൾ ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന‌് അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top