04 August Wednesday

ഓഫ്‌ലൈനാകില്ല; ഇവർ ആക്ടീവാണ്‌

സ്വന്തം ലേഖകൻUpdated: Monday Jun 21, 2021

ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാനായി പാഴ്‌വസ്‌തുക്കൾ ശേഖരിക്കുന്ന എസ്‌എഫ്‌ഐ പ്രവർത്തകരായ സുരഭിയും ശ്രീലക്ഷ്‌മിയും

 

മലപ്പുറം
മഹാമാരിക്കാലത്ത്‌ വിദ്യാർഥികളായ സുരഭിക്കും ശ്രീലക്ഷ്‌മിക്കും വിശ്രമമില്ല. ഒരാഴ്ചയായി വീടുകൾ കയറിയിറങ്ങി പഴയ പത്രക്കെട്ടുകളും ആക്രിസാധനങ്ങളും ശേഖരിക്കുന്ന തിരക്കിലാണ്‌ ഇരുവരും. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന ഫസ്റ്റ്‌ ബെൽ മിഷൻ–- രണ്ട്‌ എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ്‌ പാഴ്‌വസ്‌തുക്കൾ ശേഖരിക്കുന്നത്‌. വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച്‌ ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്ക്‌ മൊബൈൽ ഫോൺ വാങ്ങി നൽകുകയാണ്‌ ലക്ഷ്യം. ആവശ്യവുമായി സമീപിച്ച വീടുകൾ അകമഴിഞ്ഞ്‌ പിന്തുണച്ചതോടെ പ്രതീക്ഷിച്ചതിലുമേറെ സാധനങ്ങളാണ്‌ ശേഖരിക്കാനായത്‌. ഊരകം പഞ്ചായത്തിലെ ഒമ്പത്‌ യൂണിറ്റുകളിലും ഇതിനോടകം സാധനങ്ങൾ ശേഖരിച്ചു. സഹായത്തിന്‌ പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകരും രംഗത്തുണ്ട്‌.
ഓൺലൈൻ ക്ലാസുകൾക്കുശേഷമാണ്‌ വിദ്യാർഥികളായ ഇരുവരും വീടുകൾ കയറാനിറങ്ങുന്നത്‌. സുരഭി കാലടി സംസ്‌കൃത സർവകലാശാല തിരുന്നാവായ ഉപകേന്ദ്രത്തിലെ ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിയും ശ്രീലക്ഷ്‌മി പെരിന്തൽമണ്ണ പിടിഎം ഗവ. കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയുമാണ്‌. എല്ലാ ദിവസവും ശേഖരിക്കുന്ന പാഴ്‌വസ്‌തുക്കൾ പ്രധാന കേന്ദ്രത്തിലെത്തിച്ച്‌ തരംതിരിച്ചശേഷമാണ്‌ വിൽപ്പന നടത്തുന്നത്‌. ആദ്യഘട്ടമായി 8000 രൂപ സമാഹരിക്കാനായി. വെങ്കളം കേളിക്കോട്‌ വീട്ടിൽ സുബ്രഹ്മണ്യൻ–-പത്മജ ദമ്പതികളുടെ മകളായ കെ സുരഭി എസ്‌എഫ്‌ഐ ഊരകം ലോക്കൽ കമ്മിറ്റി പ്രസിഡന്റാണ്‌. ജോയിന്റ്‌ സെക്രട്ടറിയായ കെ ശ്രീലക്ഷ്‌മി പൂളാപ്പീസ്‌ കറുത്തേടത്ത്‌ വീട്ടിൽ രാധാകൃഷ്ണൻ–ശ്രീജ ദമ്പതികളുടെ മകളാണ്‌. ഒരാഴ്ചയായി തുടരുന്ന ക്യാമ്പയിൻ ഞായറാഴ്ച അവസാനിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top