കോട്ടക്കൽ
പൂത്തൂർ ജങ്ഷനുസമീപം കാറുകളിലും ഓട്ടോയിലും കൂട്ടിയിടിച്ച് സിമന്റ് മിക്സർ ടാങ്കർ ലോറി മറിഞ്ഞു. നാലുവയസുള്ള കുട്ടിയടക്കം 12 പേർക്ക് പരിക്കേറ്റു. അപകടത്തിൽ വൻഭാരമുള്ള ലോറിയുടെ ടാങ്കർ വേർപെട്ടു. ശനി വൈകിട്ട് നാലിനാണ് സംഭവം. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് കോട്ടക്കലിലേക്ക് വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് രണ്ടു കാറുകളിലും ഒരു ഓട്ടോയിലും പിന്നീട് ട്രാൻസ്ഫോമറിലും ഇടിച്ചാണ് മറിഞ്ഞത്.
വൈകിട്ട് നാലരയോടെയാണ് അപകടം. ഇവിടെ ശനി രാവിലെയും അപകടമുണ്ടായി. കോട്ടക്കൽ–-പെരിന്തൽമണ്ണ റൂട്ടിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. ടാങ്കർ ട്രാൻസ്ഫോമറിൽ ഇടിച്ചതോടെ വൈദ്യുതിയും നിലച്ചു. രണ്ടാഴ്ചമുമ്പ് പുത്തൂർ ബൈപാസ് ജങ്ഷനിൽ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞിരുന്നു.അപകടം പതിവായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.
അപകടത്തിൽ പരിക്കേറ്റവർ: കൊടിഞ്ഞി കുന്നത്തേരി നാസർ (16), കുന്നത്തേരി ഫാത്തിമ സിയ (10), കുന്നത്തേരി അനീഷ ( 36), കുന്നത്തേരി പാത്തുമ്മ (58), കുന്നത്തേരി ആയിഷ തൻഹ (4), കുന്നത്തേരി ആയിഷ ( 52 ), പാപ്പായി വലിയപറമ്പ് അമ്പലവയൽ ആസ്യ (55), കോയമ്പത്തൂർ നിധീഷ് കുമാർ (23), നെച്ചിയിൽ ഫാത്തിമ ഫിദ (18), മണ്ണാർക്കാട് പട്ടാണിത്തൊടി ഹമീദ് (46), അരിച്ചോൾ പുതുക്കുടി കുഞ്ഞീരുമ്മ (85), അരിച്ചോൾ കുറ്റിക്കാടൻ മുഹമ്മദ് നസീർ (28). ഇവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..