30 November Tuesday

ശിൽപ്പമല്ല, ചന്ദ്രൻ ഒരുക്കി 
ചിരട്ടകൊണ്ടൊരു ലോകം

ഇ ബാലകൃഷ്‌ണൻUpdated: Wednesday Oct 20, 2021

പി എൻ ചന്ദ്രൻ ശിൽപ്പങ്ങൾക്കരികിൽ

 

 

മേലാറ്റൂർ

അസുഖംകൊണ്ട് തളർന്ന മനസ്സിനെ ചിരട്ടയിൽ തീർക്കുന്ന ശില്‍പ്പങ്ങൾകൊണ്ട് കരുപ്പിടിപ്പിക്കുകയാണ് പി എൻ ചന്ദ്രൻ. മജ്ജയിൽ കാൻസർ ബാധിച്ച് അഞ്ചുവർഷത്തോളമായി ചികിത്സയിൽ കഴിയുന്ന എടപ്പറ്റ പഞ്ചായത്തിലെ പൊട്ടിയോടത്താൽ പൊന്നിൻ നിരവ് പറമ്പിൽ ചന്ദ്രനാ (61)ണ് ചിരട്ടകൊണ്ട് മനോഹരമായ ശില്‍പ്പമൊരുക്കി ജീവിതത്തെ വീണ്ടും പച്ചപ്പണിയിക്കുന്നത്. അസുഖത്തെ തുടർന്ന് രണ്ടുവർഷം തീരെ കിടപ്പിലായിരുന്നു. രോഗത്തിൽനിന്ന് ചെറിയൊരു മോചനം കിട്ടിയപ്പോഴാണ് ചിരട്ടയിൽ ശിൽപ്പമൊരുക്കാൻ തുടങ്ങിയത്. ഇപ്പോൾ ആരെയും ആകർഷിക്കുന്ന ചിരട്ടകൊണ്ടുള്ള വസ്തുക്കളുടെ ശിൽപ്പിയാണ് ചന്ദ്രൻ. നിലവിളക്ക്, മയൂര വിളക്ക്, ഗദ, തൂക്കുവിളക്ക്, നെറ്റിപ്പട്ടം കെട്ടിയ ആന തുടങ്ങി വിവിധ തരത്തിലുള്ള വസ്തുക്കളാണ് ചിരട്ടയിൽ നിർമിച്ചിട്ടുള്ളത്. നന്നായി വൃത്തിയാക്കിയ ചിരട്ട മനസ്സിൽ തോന്നുന്ന ആശയത്തിന് പാകമാക്കി ആക്സോ ബ്ലെയ്ഡ് ഉപയോഗിച്ച് മുറിച്ചെടുക്കും. തുടർന്ന് പശ ഉപയോഗിച്ച് ഒട്ടിച്ച് വസ്തുക്കൾ രൂപപ്പെടുത്തും. ശേഷം വാർണിഷ് അടിച്ച് മനോഹരമാക്കും. മക്കളെ ആശ്രയിക്കാതെ ചികിത്സയ്ക്കും മറ്റുമുള്ള തുക സ്വന്തമായി കണ്ടെത്തുക എന്നതാണ് ആഗ്രഹം. ഇപ്പോൾ മുഴുവൻ പ്രവൃത്തിയും കൈകൊണ്ട് മാത്രമാണ് ചെയ്യുന്നത്. ആവശ്യമായ യന്ത്രങ്ങൾ വാങ്ങി കുറച്ചുകൂടി വിപുലപ്പെടുത്തണമെന്നും മോഹമുണ്ട്.  45 വർഷത്തോളം സ്വർണപ്പണിക്കാരനായിരുന്ന ചന്ദ്രൻ നേരത്തെ 170 മില്ലിഗ്രാം സ്വർണത്തിൽ ഫുട്ബോള്‍ വേൾഡ് കപ്പ് നിർമിച്ച് ശ്രദ്ധ നേടിയിരുന്നു. ശിൽപ്പനിർമാണത്തിന് ഭാര്യ രാധാമണിയും എല്ലാ സഹായവുമായി ഒപ്പമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top