28 November Saturday

കോവിഡ്‌ മാനദണ്ഡം ലംഘിച്ചവർക്കെതിരെ കർശന നടപടിയെടുക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020
മലപ്പുറം
രാഹുൽ ഗാന്ധി എംപിയുടെ സന്ദർശനത്തിന്റെ പേരിൽ കോവിഡ്‌ മാനദണ്ഡങ്ങൾ അടിമുടി ലംഘിച്ച്‌ തെരുവിൽ അഴിഞ്ഞാടിയ യുഡിഎഫ്‌ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കർശന നടപടി എടുക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത്‌ ഏറ്റവുമധികം കോവിഡ്‌ വ്യാപന നിരക്കുള്ള മലപ്പുറത്താണ്‌ നിരോധനാജ്ഞ ലംഘിച്ച്‌ ഒരു നിയന്ത്രണങ്ങളുമില്ലാതെ കോൺഗ്രസ്‌, ലീഗ്‌ പ്രവർത്തകർ തെരുവിലിറങ്ങിയത്‌. 
   എംപി സ്വന്തം മണ്ഡലം സന്ദർശിക്കുന്നതിന്റെ പേരിലായിരുന്നു ഈ പേക്കൂത്ത്‌. ലീഗ്‌ ജില്ലാ നേതൃത്വം കൊട്ടിഘോഷിച്ച്‌ ‘അതിജീവനം കോവിഡ് മോചനത്തിന്, മുസ്ലിംലീഗ് കൈത്താങ്ങ്’ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്ന സമയത്തുതന്നെയാണ്‌ ലീഗിന്റെയും കോൺഗ്രസിന്റെയും നേതാക്കളുടെ നേതൃത്വത്തിൽ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളെയാകെ അട്ടിമറിച്ചത്‌. 
  പ്രതിപക്ഷ നേതാവിന്റെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ തുടങ്ങിയ ആൾക്കൂട്ടം അരീക്കോടുവരെ നീണ്ടു. എംഎൽഎമാരും എംപിമാരുമടക്കമുള്ള ജനപ്രതിനിധികളും ഉത്തരവാദപ്പെട്ട യുഡിഎഫ്‌ നേതാക്കളുമാണ്‌ ഇതിന്‌ നേതൃത്വം നൽകിയത് എന്നത്‌ ഗൗരവം വർധിപ്പിക്കുന്നു. പൊലീസിന്റെ നിർദേശങ്ങൾ പരസ്യമായി ലംഘിച്ചു. പലയിടത്തും നട്ടുച്ചയ്‌ക്ക്‌ പന്തംകൊളുത്തിയാണ്‌ പ്രവർത്തകർ എംപിയെ വരവേറ്റത്‌. 
  പൊതുജനത്തിന്റെ ജീവൻകൊണ്ട്‌ പന്താടുന്ന ജില്ലയിലെ കോൺഗ്രസിന്റെയും ലീഗിന്റെയും നേതൃത്വത്തിനെതിരെ ബഹുജനങ്ങൾ അണിനിരക്കണം. ഈ  തീക്കളി അവസാനിപ്പിക്കാൻ ലീഗ്‌–- കോൺഗ്രസ്‌ നേതൃത്വം തയ്യാറാകണം. കോവിഡ്‌ മാനദണ്ഡങ്ങൾ പരസ്യമായി ലംഘിച്ച യുഡിഎഫ്‌ നേതാക്കൾക്കും അണികൾക്കുമെതിരെ മാതൃകാപരമായ നിയമനടപടി സ്വീകരിക്കാൻ ജില്ലാ ഭരണസംവിധാനവും പൊലീസും സന്നദ്ധമാകണമെന്നും ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top