19 September Thursday

സാന്ത്വനമായി നേതാക്കളുടെ സന്ദർശനം

സ്വന്തം ലേഖകൻUpdated: Tuesday Aug 20, 2019

മുട്ടേങ്ങാടൻ മൊയ്തുട്ടിഹാജിയെ സിപിെഎ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് സന്ദർശിച്ചപ്പോൾ

 
മലപ്പുറം
കൂട്ടിലങ്ങാടി പാറടിയിലെ വീട്ടിൽ വാർധക്യസഹജ രോഗങ്ങളുമായി  കഴിയുകയാണെങ്കിലും പഴയകാല സഹപ്രവർത്തകൻ  എത്തിയപ്പോൾ   മുട്ടേങ്ങാടൻ മൊയ്തുട്ടി ഹാജിയുടെ ഓർമകളിൽ പഴയകാലത്തിന്റെ ഊർജംനിറഞ്ഞു. കൃഷ്‌ണപിള്ള ദിനത്തോടനുബന്ധിച്ച്‌ കിടപ്പുരോഗീസന്ദർശന ഭാഗമായാണ്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസും പ്രവർത്തകരും മൊയ്തുട്ടി ഹാജിയുടെ വീട്ടിലെത്തിയത്‌.
 മലപ്പുറം മുനിസിപ്പാലിറ്റിയിലെ പ്രഥമ കൗൺസിലിൽ അംഗമായിരുന്ന  മൊയ്തുട്ടി ഹാജിക്കിപ്പോൾ 84 വയസുണ്ട്‌.   പ്രളയവും കെടുതികളും കേന്ദ്രഭരണവുമെല്ലാം ചർച്ചാവിഷയമായി. 
മലപ്പുറം മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് മുസ്ലിംലീഗ്‌ കൂപ്പുകുത്തിയ 1973–-ലെ ഉപതെരഞ്ഞെടുപ്പും മുട്ടേങ്ങാടൻ മൊയ്തുട്ടി ഹാജി ഹീറോ ആയതുമെല്ലാം സംസാരവിഷയമായി. 
മലപ്പുറം മുനിസിപ്പാലിറ്റിയിലെ പ്രഥമ കൗൺസിലിൽ അംഗമായിരുന്നു ഇദ്ദേഹം. കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസിൽ സബ് ഇൻസ്പെക്ടറായിരിക്കെ  രാജിവച്ച് നാട്ടിലെത്തിയപ്പോഴാണ് 1971–-ൽ 12–-ാം   വാർഡായ കുന്നുമ്മലിൽ മത്സരിപ്പിക്കാൻ മുസ്ലിംലീഗ്‌ തീരുമാനിച്ചതും കൗൺസിലറായതും. കരാറുകാർക്ക് നിയമവിരുദ്ധ ആനുകൂല്യം നൽകുന്നതിൽ  പ്രതിഷേധിച്ച് രാജിവച്ചു.  
ഉപതെരഞ്ഞെടുപ്പിൽ തോണി ചിഹ്നത്തിൽ സ്വതന്ത്രനായി മത്സരിച്ച മൊയ്തുട്ടിയെ സിപിഐ എം പിന്തുണച്ചു. അഞ്ഞൂറിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ മൊയ്തുട്ടി വീണ്ടും കൗൺസിലർ. അടുത്ത തെരഞ്ഞെടുപ്പിലും  സിപിഐ എം പിന്തുണയുള്ള മൊയ്തുട്ടി ഹാജിക്കുതന്നെയായിരുന്നു ജയം. 1984 വരെ മുനിസിപ്പൽ കൗൺസിലർ. അഖിലേന്ത്യാ ലീഗ് രൂപീകരിച്ചപ്പോൾ സംസ്ഥാന കമ്മിറ്റിയംഗമായി. പാർടി മുസ്ലിംലീഗിൽ ലയിച്ചപ്പോൾ മൊയ്തുട്ടി സിപിഐ എം സഹയാത്രികനായി തുടർന്നു.  
കൂട്ടിലങ്ങാടി പഞ്ചായത്തിൽ വിവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന മുരിയംകണ്ടത്ത്‌ മണികണ്ഠൻ, സെയ്‌ദ്‌, പടിക്കപ്പറമ്പിൽ മാത, നട്ടെല്ലിന്‌ പരിക്കേറ്റ്‌ 18 വർഷമായി കിടപ്പിലായ കാക്കു എന്ന വാളക്കുണ്ടിൽ അഷറഫ്‌, വൃക്കരോഗംബാധിച്ച മണ്ണമ്പറമ്പൻ അസൈനാർ, കേദാരമംഗലത്ത്‌ നാരായണിക്കുട്ടി, മദാരി നാസർ തുടങ്ങിയവരെയും സിപിഐ എം നേതാക്കൾ സന്ദർശിച്ചു. ഉപഹാരങ്ങളും കൈമാറി. കൂട്ടിലങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി സുഹറാബി, മലപ്പുറം സ്‌പിന്നിങ് മിൽ ചെയർമാൻ പാലോളി അബ്ദുറഹ്മാൻ, സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ മോഹനൻ പുളിക്കൽ, എം പി അലവി എന്നിവരും ഒപ്പമുണ്ടായി.
പ്രധാന വാർത്തകൾ
 Top