21 September Saturday

അരങ്ങ്‌ നിറഞ്ഞ്‌ ‘നാരീ രാമായണം’ ശരത‌് കൽപ്പാത്തി

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

 

പാലക്കാട് 
ആട്ടവിളക്കിന്റെ സൗന്ദര്യത്തിൽ കഥകളി ആസ്വാദകർക്ക് കാഴ്ചയുടെ വസന്തം നൽകി അരങ്ങ‌് നിറഞ്ഞാടി പെണ്ണുങ്ങൾ. കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിന്റെ 12–ാം വാർഷികാഘോഷം, കലാമണ്ഡലം രാമൻകുട്ടി നായർ അനുസ‌്മരണം എന്നിവയുടെ ഭാഗമായാണ‌് 14 മണിക്കൂർ നീണ്ട  കഥകളി സംഘടിപ്പിച്ചത്. ചെമ്പൈ സംഗീത കോളേജിലെ എം ഡി രാമനാഥൻ ഹാൾ ആയിരുന്നു വേദി.  യുആർഎഫ് ലോക റെക്കോഡ് ലക്ഷ്യമെന്ന പ്രത്യേകതയുമുണ്ടിതിന്. 
ആദ്യമായാണ് 66 സ്ത്രീകൾ ഒന്നിച്ചെത്തുന്നത്. പുരുഷാധിപത്യം നിലനിൽക്കുന്ന കഥകളിലോകത്തേക്ക് വനിതകളെയെത്തിച്ച‌് അർഹമായ സ്ഥാനം ഉറപ്പിക്കുകയാണിവിടെ. ഇതിനെല്ലാം മുൻകൈയെടുക്കുന്നത് കലാമണ്ഡലം വെങ്കിട്ടരാമനാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കഥകളിയെന്ന വിശ്വോത്തര കലാരൂപത്തെ പരിചയപ്പെടുത്തുകയും പ്രതിഭകളെ വാർത്തെടുക്കുകയും ചെയ്യുന്ന കലാസ്ഥാപനമായി മാറാൻ കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിനായി. എട്ടുമുതൽ 54 വയസ്സുവരെയുള്ളവർ സമ്പൂർണ രാമായണത്തിലെ പുത്രകാമേഷ്‌ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണയുദ്ധം, സേതുബന്ധനം, യുദ്ധം, പട്ടാഭിഷേകം കഥകളിലൂടെ അരങ്ങിലെത്തി. പച്ച, കത്തി, കരി, താടി, മിനുക്ക് എന്നീ വേഷങ്ങൾ കൂടാതെ പുരുഷന്മാരുടെ കുത്തകയായ നിണം, പരശുരാമൻ തുടങ്ങിയ വേഷങ്ങളും സ്ത്രീകൾക്ക് നിഷ‌്പ്രയാസം ചെയ്യാൻ പ്രാപ്തമാക്കാൻ ഗുരുവായ വെങ്കിട്ടരാമനായി. രാഘവീയം എന്നപേരിലാണ് ഇത്തവണത്തെ ആഘോഷം. 
കഥകളിലോകം കണ്ട അതുല്യപ്രതിഭ കലാമണ്ഡലം രാമൻകുട്ടിനായർക്കുള്ള ഗുരുപൂജകൂടിയാണ് രാഘവീയം. കഴിഞ്ഞ മൂന്നുദിവസങ്ങളിയായി കലാമണ്ഡലം ഗോപി, വാഴേങ്കട വിജയൻ, കോട്ടയ്ക്കൽ നന്ദകുമാരൻ നായർ, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ കഥകളുടെ ചൊല്ലിയാട്ടം നടന്നു. 
തുടർന്നാണ് കലാകാരികൾ അരങ്ങിലെത്തിയത്. പാട്ടിൽ കലാമണ്ഡലം മോഹനകൃഷ്ണനും ചെണ്ടയിൽ സദനം രാമകൃഷ്ണനും, മദ്ദളത്തിൽ സദനം ദേവദാസിന്റെയും നേതൃത്വത്തിൽ ഇരുപതിലധികം കലാകാരന്മാർ പിന്നണിയിൽ ശ്രവ്യ സൗന്ദര്യമേകി. 
യുആർഎഫിന്റെ അന്താരാഷ്ട്ര ജൂറി ഗിന്നസ് സുനിൽ ജോസഫ് നിരീക്ഷകനായെത്തി. നിണത്തോടുകൂടിയ നരകാസുരവധം, ഉത്തരാസ്വയംവരം സമ്പൂർണം, കൃഷ്ണസങ്കൽപ്പത്തെ മുൻനിർത്തി കൃഷ്ണാഷ്ടകം, രാജസപ്രധാന്യമുള്ള വേഷങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് രാജസനിവാപം, ഹനുമദ്‌ വേഷങ്ങളെ കോർത്തിണക്കി മാരുതീയം എന്നീ രംഗാവതരണങ്ങളും മുമ്പ‌് കഥകളിഗ്രാമം നടത്തിയിട്ടുണ്ട്. പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയെ തകർത്ത് സ്ത്രീകൾ മുഖ്യധാരയിലേക്ക് കടന്നുവരുന്ന കാലത്ത‌് അരങ്ങിലെ സ്ത്രീമുന്നേറ്റവും ചരിത്രത്തിൽ അടയാളപ്പെടുത്തും. ഇതോടെ നാലുനാൾ നീണ്ടുനിന്ന വാർഷികത്തിനും കലാമണ്ഡലം രാമൻകുട്ടിനായർ അനുസ‌്മരണത്തിനും സമാപനമായി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top