20 October Sunday

അധ്യാപികക്കെതിരെ ഗവേഷക വിദ്യാർഥികളുടെ പരാതി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാല ബോട്ടണി വിഭാഗത്തിലെ അധ്യാപികക്കെതിരെ ഗവേഷക വിദ്യാർഥികളുടെ പരാതി. ദളിത് പീഡനമുൾപ്പെടെയുള്ള ആക്ഷേപങ്ങളാണ് വൈസ് ചാൻസലർക്ക് നൽകിയ  പരാതിയിലുള്ളത്. 
 മനു ഫിലിപ്പ്, അരുൺ ടി റാം, കെ ശ്വേത, വി പി ഫർഹദ് എന്നീ ഗവേഷക വിദ്യാർഥികളാണ്  ഗൈഡായ ഡോ. എം ഷമിനക്കെതിരെ പരാതി നൽകിയത്. പരമാവധി ബുദ്ധിമുട്ടിച്ച് ഗവേഷണം സ്വയം നിർത്തി പോകാൻ പ്രേരിപ്പിക്കുന്നതരം ഹീനമായ പ്രവൃത്തികളാണ് ഗൈഡിൽനിന്ന് ഉണ്ടാകുന്നതെന്ന് ഇവർ പറയുന്നു. ഏറ്റവുമധികം ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നത്  പട്ടികജാതി വിഭാഗത്തിൽപ്പെട്ട രണ്ട് പേർക്കാണെന്നും പരാതിയിലുണ്ട്. പട്ടികജാതിക്കാരെയാകെ അപമാനിക്കുന്ന സംഭാഷണമാണ്‌ അധ്യാപികയിൽനിന്നുണ്ടാകുന്നെതെന്നും ഉദാഹരണസഹിതം ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. എസ്‌‌സി, എസ്ടി കമീഷൻ, സിൻഡിക്കറ്റ് മെമ്പർമാർ, റിസർച്ച് ഡയറക്ടർ, ബോട്ടണി പഠനവിഭാഗം തലവൻ, വിദ്യാർഥി ക്ഷേമ വിഭാഗം തലവൻ, ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി ചെയർപേഴ്സൺ, രജിസ്ട്രാർ, എകെആർഎസ്എ, റിസർച്ച് ഫെസിലിറ്റേറ്റിങ് കമ്മിറ്റി കൺവീനർ തുടങ്ങിയവർക്കും പരാതിയുടെ കോപ്പി നൽകിയിട്ടുണ്ട് .എകെആർഎസ്എ പ്രതിനിധികൾ സംസാരിക്കാനെത്തിയപ്പോൾ  അധ്യാപിക മോശമായി പെരുമാറിയെന്നും അക്ഷേപമുണ്ട്‌. തുടർന്ന്‌ വിദ്യാർഥി പ്രതിനിധികൾക്കെതിരെ അധ്യാപിക കള്ള പരാതി നൽകുകയായിരുന്നു. അടുത്തിടെയാണ് മലയാളം പഠന വിഭാഗം തലവൻ ഡോ. എൽ തോമസുകുട്ടിക്കെതിരെ ദളിത് ഗവേഷക വിദ്യാർഥി പരാതിയുമായി ഫെയ്സ്ബുക്ക്‌ പോസ്റ്റിട്ടത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top