22 October Tuesday
കൊണ്ടോട്ടി നഗരസഭ

അവിശ്വാസത്തിൽനിന്ന്‌ കോൺഗ്രസ് അംഗം പിൻമാറി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019
 
കൊണ്ടോട്ടി
നഗരസഭയിൽ ലീഗ് സ്ഥിരംസമിതി അധ്യക്ഷനെതിരായ അവിശ്വാസ പ്രമേയത്തിൽനിന്ന് കോൺഗ്രസ് കൗൺസിലർ വിട്ടുനിന്നു. 
ആഗസ്‌ത് 29നാണ് യു കെ മമ്മദിശക്കെതിരെ കോൺഗ്രസ് കൗൺസിലർ പറമ്പാടൻ സൈതലവി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ബുധനാഴ്‌ചയായിരുന്നു പ്രമേയം ചർച്ചചെയ്യേണ്ടിയിരുന്നത്‌. ഉദ്യോഗസ്ഥരും പ്രതിപക്ഷ അംഗങ്ങളും എത്തിയെങ്കിലും അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ കോൺഗ്രസ് അംഗവും ലീഗ് പ്രതിനിധികളും എത്തിയില്ല. 
ലീഗും കോൺഗ്രസും ഒരുമിച്ച്‌ ഭരിക്കുന്ന കൊണ്ടോട്ടി നഗരസഭയിൽ അഴിമതി അവസാനിപ്പിക്കാൻ വികസന സ്ഥിരം സമിതി അധ്യക്ഷനെ മാറ്റണമെന്നായിരുന്നു കോൺഗ്രസ് കൗൺസിലറുടെ ആവശ്യം. 
കോൺഗ്രസിന്റെ ജില്ലാ നേതൃത്വം ഇടപെട്ടിട്ടും ഇയാൾ പ്രമേയത്തിൽനിന്ന്‌ പിൻമാറിയില്ല. ലീഗിന്റെ വാഗ്‌ദാനങ്ങളിൽപെട്ടാണ് പിൻമാറിയതെന്ന ആക്ഷേപമുണ്ട്‌. 
അവിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെ ലീഗിലെ ഒരുവിഭാഗം സമൂഹ മാധ്യമങ്ങളിലൂടെ കോൺഗ്രസ് കൗൺസിലർക്കും കോൺഗ്രസിനുമെതിരെ രൂക്ഷമായി പ്രതികരിച്ചു.
 
കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചു 
കൊണ്ടോട്ടി
ലീഗ് വികസന സ്ഥിരം സമിതി അധ്യക്ഷൻ യു കെ മമ്മദിശക്കെതിരായ അവിശ്വാസ പ്രമേയത്തിൽനിന്നും കൗൺസിലർ പിൻമാറിയത്‌ കോൺഗ്രസ് നേതൃത്വത്തിന്റെ പാപ്പരത്തമാണെന്ന് എൽഡിഎഫ് കൗൺസിലർമാരായ പാറപ്പുറം അബ്‌ദുറഹ്‌മാനും കെ കെ സമദും പറഞ്ഞു.  കോൺഗ്രസ് നേതാക്കൾ ജനങ്ങളെ വഞ്ചിച്ചു. നഗരസഭയി‌ലെ അഴിമതി അന്വേഷിക്കണം. പാതിവഴിയിലായ പദ്ധതി പുനഃസ്ഥാപിക്കുന്നതിന്‌ നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top