19 September Thursday

ലിംഗസമത്വം: സമൂഹത്തിന്റെ കാഴ‌്ചപ്പാട‌് മാറണം–- ഡോ. ഖദീജ മുംതാസ‌്

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019
മലപ്പുറം
ലിംഗനീതി ബോധം  വളരെ വികലമായ സമൂഹമാണ‌് കേരളത്തിലേതെന്ന‌് ഡോ‌. ഖദീജ മുംതാസ‌് പറഞ്ഞു. എസ‌്എസ‌്എൽസി, പ്ലസ‌്ടു പരീക്ഷകളിൽ സമ്പൂർണ എപ്ലസ‌് നേടിയവരെ ആദരിക്കാൻ ദേശാഭിമാനി സംഘടിപ്പിച്ച ഫോക്കസ‌് –-2019 ഉദ‌്ഘാടനംചെയ്യുകയായിരുന്നു ഖദീജ മുംതാസ‌്. പരിസ്ഥിതി, ലിംഗസമത്വം,  വർഗീയത തുടങ്ങിയ കാര്യങ്ങളിൽ പുതിയ തലമുറ   തിരുത്തലുകൾ വരുത്തണം.  ഉന്നതവിജയം നേടി ഉപരിപഠനത്തിന‌് ധാരാളം പെൺകുട്ടികൾ വരുന്നുണ്ട‌്.  എന്നാൽ  സമൂഹം എങ്ങനെയാണ‌് അവരുടെ മേൽ സമ്മർദംചെലുത്തി അവരെ ഒന്നുമല്ലാതാക്കുന്നത‌് എന്ന് ചിന്തിക്കണം.  
   പെൺകുട്ടികൾ  അവരുടെ അവസരവും ലോകത്തിന്റെ മാറ്റവും കണ്ടറിഞ്ഞ‌് മുന്നോട്ടുവരുന്നു‌. എന്നാൽ  ലിംഗസമത്വം സംബന്ധിച്ച  അവബോധത്തിന്റെ കാര്യത്തിൽ ആൺകുട്ടികൾ ഉയർന്നുവരുന്നില്ല. ആത്മവിശ്വാസവും തിരിച്ചറിവുമുള്ള  പെൺകുട്ടികൾ തങ്ങളുടെ ആവിഷ‌്ക്കാരങ്ങൾക്ക‌് ശ്രമിക്കുമ്പോൾ അവരെ പിറകോട്ടുവലിക്കുന്ന പ്രവണതയുണ്ട‌്. പ്രണയത്തിലൂടെയായിരിക്കാം പലപ്പോഴും ഇതുസംഭവിക്കുന്നത‌് എന്നതാണ‌് ദൗർഭാഗ്യകരം. വികലയാക്കിട്ടെങ്കിലും അവളെ തന്റെ താഴെ നിർത്തുക എന്ന ചിന്താഗതി ആൺകുട്ടികളിൽ വളരുന്നു. 
    സിലബസിനും കരിയറിനുമപ്പുറം നല്ല മനുഷ്യനാകാനും സമൂഹത്തെ മനസ്സിലാക്കാനും കഴിയണം.  കോർപറേറ്റുകൾക്ക‌് നമ്മളെ നല്ല ഉപഭോക്താവാക്കി മാറ്റുകമാത്രമാണ‌് ലക്ഷ്യം.  നല്ല വ്യക്തികളാകുകയാണ‌് പ്രധാനം. ജീവിതം അറിഞ്ഞ‌് ആസ്വദിക്കണം. അതിന‌് നല്ല സുഹൃത്തുക്കൾ വേണം. നല്ല വായന വേണം, നല്ല സിനിമകൾ കാണണണം. 
    നാട‌് വലിയ വെല്ലുവിളികളെ നേരിടുന്ന കാലമാണിത്‌.  നാടിന്റെ രാഷ‌്ട്രീയവും ചരിത്രവും കൃത്യമായി മനസ്സിലാക്കുകയും ബുദ്ധിപരമായ തീരുമാനം എടുക്കുകയും വേണം. സമൂഹ മാധ്യമങ്ങളിൽ രണ്ട‌് വിഭാഗങ്ങളായിനിന്ന‌് ചെളിവാരിയെറിയുന്ന അവസ്ഥയിൽനിന്ന് മാറണം. 
   ജാതിമത വർഗീയതയുടെ അതിഭീകരമായ അവസ്ഥയിലേക്കാണ‌് രാജ്യത്തിന്റെ പോക്ക‌്. സമ്പന്നമായ സംസ‌്ക്കാരത്തിന്റെ അടയാളമാണ‌്   വ്യത്യസ‌്തതകൾ. ഏകമുഖമായ രാജ്യത്ത‌് ജീവിക്കുക എന്നുപറഞ്ഞാൽ അതൊരു ദുരിതമായിരിക്കും.  ഈ വ്യത്യസ‌്തതയാണ‌് നമ്മുടെ ജീവിതത്തെ വളരെയധികം ചലനാത്മകമാക്കുന്നത‌്. മറ്റുള്ളവരുടെ  ജീവിത രീതിയും സംസ‌്കാരവും അറിയുമ്പോഴുണ്ടാകുന്ന  മാനസിക വളർച്ചയുണ്ട‌്, അത് നിർണായകമാണ‌്. 
  പഠന മേഖല തെരഞ്ഞെടുക്കുമ്പോൾ മാർക്കിനൊപ്പം പ്രതിഭയും നൈപുണ്യവും കൂടി പരിഗണിക്കണം. ഒപ്പം ആ രംഗത്തെ വെല്ലുവിളികളെ നേരിടാൻ സ്വയം പ്രാപ‌്തമാണോ എന്നും വിലയിരിത്തണം  – ഖദീജ മുംതാസ‌് പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top