17 September Tuesday
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

11,175 അധ്യാപകർ ഐടി പരിശീലനം പൂർത്തിയാക്കി

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019
മലപ്പുറം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ 11,175 അധ്യാപകർ ഐടി പരിശീലനം പൂർത്തിയാക്കി. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിലാണ് ഒന്നുമുതൽ 12 വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന മുഴുവൻ അധ്യാപകർക്കും അവധിക്കാല ഐടി അധിഷ്ഠിത പരിശീലനം നൽകുന്നത്. 
 എൽപി വിഭാഗത്തിൽ 6500 അധ്യാപകരും യുപി വിഭാഗത്തിൽ 4126  അധ്യാപകരും നാല് ഘട്ടങ്ങളിലായി  പരിശീലനം പൂർത്തിയാക്കി. 
2000ലധികം എൽപി-, യുപി അധ്യാപകർക്കായി അടുത്ത ഘട്ട പരിശീലനം വിവിധ കേന്ദ്രങ്ങളിൽ ഉടൻ തുടങ്ങും. ഇതോടെ ജില്ലയിലെ 90 ശതമാനം എൽപി-, യുപി അധ്യാപകർക്കും പരിശീലനം പൂർത്തിയാകും. എൽപി,- യുപി റിസോഴ്സ് പേഴ്സൺമാർക്കായുള്ള വിഷയാധിഷ്ഠിത പരിശീലനം പ്രത്യേക ബാച്ചുകളിലായി ഈ മാസം 22 മുതൽ 25 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കും.
 ഹൈസ്‌കൂൾ ക്ലാസുകളിൽ പുതിയ ഐടി ടെക്സ്റ്റ് ബുക്കുകളാണ് അടുത്ത അധ്യയന വർഷംമുതൽ ഉപയോഗിക്കുക. പുതിയ സിലബസ് പ്രകാരമുള്ള പരിശീലനം 17 മുതൽ ആരംഭിച്ചിട്ടുണ്ട്. 30 സെന്ററുകളിലായി 1124 പേർക്കാണ് ജില്ലയിൽ പരിശീലനം നൽകിക്കൊണ്ടിരിക്കുന്നത്. രണ്ട് ബാച്ചുകളിലായാണ് പരിശീലനം.
   ഹയർ സെക്കൻഡറി വിഭാഗത്തിൽ 13 വിഷയങ്ങളിലായി വിഷയാധിഷ്ഠിത പരിശീലനം 13ന് ആരംഭിച്ചു. 
ആദ്യ ബാച്ചിൽ 549 പേരാണ് പരിശീലനം പൂർത്തിയാക്കിയത്.  രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നുകൊണ്ടിരിക്കുകയാണ്. ആകെ 1106 പേർക്കാണ് പരിശീലനം. 21ന്  പരിശീലനം സമാപിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top