07 July Tuesday

കേരളം മാതൃകയായത‌് ഇടതുപക്ഷ ബദലിൽ: ബൃന്ദ കാരാട്ട്

സ്വന്തം ലേഖകൻUpdated: Friday Apr 19, 2019
തുവ്വൂർ
നവ ലിബറൽ നയങ്ങളെ ചെറുത്ത് ഇടതുപക്ഷ ബദൽ ഏറ്റെടുത്തതിനാലാണ് കേരളം രാജ്യത്തിന് മാതൃകയായതെന്ന്  കോൺഗ്രസ് തിരിച്ചറിയണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരളം മാതൃകയാണെന്നും ബിജെപിയെ എതിർക്കാനാണ‌് വയനാട്ടിൽ മത്സരിക്കുന്നത‌് എന്നുമാണ‌് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞത‌്.  കേരളത്തിലെ സ‌്ത്രീകളടക്കം ശക്തരായത‌് ഇടതുപക്ഷ സർക്കാർ ഭരിക്കുന്നത‌ുകൊണ്ടാണെന്നും ബൃന്ദ പറഞ്ഞു. വയനാട‌് ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീറിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം തുവ്വൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. 
രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടമാണ‌് മതനിരപേക്ഷതക്കെതിരായ ആക്രമണങ്ങൾ. മതേതരത്വമെന്നത് ന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്താനുള്ള വാക്കെന്നാണ‌് കേന്ദ്രം ഭരിക്കുന്ന ബിജെപി പറയുന്നത്. ഈ വാക്കിനെ ഭരണഘടനയിൽനിന്നും മാറ്റാനാണ് ആർഎസ്എസ് ശ്രമിക്കുന്നത‌്. എന്നാൽ,   ഒരിടത്തും ഇതിനെതിരെ മിണ്ടാൻ രാഹുൽ ഗാന്ധി തയ്യാറാകുന്നില്ല.  
രാജസ്ഥാൻ, ഛത്തീസ‌്ഗഢ‌്, മധ്യപ്രദേശ‌് എന്നീ സംസ്ഥാനങ്ങളിൽ  ബിജെപിക്ക‌് ബദലായാണ‌് ജനങ്ങൾ കോൺഗ്രസിനെ തെരഞ്ഞെടുത്തത‌്. 
എന്നാൽ, ഈ സർക്കാരുകൾ ദേശസുരക്ഷാ നിയമത്തിന്റെ പേരിൽ ന്യൂനപക്ഷ വിഭാഗത്തിലെ പാവപ്പെട്ടവരെ വേട്ടയാടുകയാണ‌്. രാമക്ഷേത്രം  നിർമിക്കുമെന്നാണ‌് കോൺഗ്രസ‌് നേതാവായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക‌് ഗെഹ‌്‌ലോട്ട‌് പറഞ്ഞത‌്. ഈ രീതിയിൽ മൃദുഹിന്ദുത്വമാണ‌് പലയിടത്തും കോൺഗ്രസ‌് നടപ്പാക്കുന്നത‌്. പല കോൺഗ്രസ‌് നേതാക്കളും അവസരംകിട്ടുമ്പോൾ ബിജെപിയിലേക്ക‌്  തവളച്ചാട്ടം നടത്താൻ കാത്തിരിക്കയാണ‌്. 
മഹാരാഷ‌്ട്രയിലെ കോൺഗ്രസ‌് നേതാവ‌് ഇന്ന‌് ബിജെപിയിലാണ‌്. ഇയാളുടെ മകനാണ‌് ഇത്തവണ ബിജെപി സ്ഥാനാർഥി. കോൺഗ്രസിലെ ഈ തവളച്ചാട്ടം കേരളത്തിലും പ്രകടമാണ‌്. 
മുൻ ഉമ്മൻചാണ്ടി സർക്കാരിലെ പിഎസ‌്‌സി ചെയർമാൻ ഇപ്പോൾ ബിജെപിയിലാണ‌്. കണ്ണൂരിലെ കോൺഗ്രസ‌് സ്ഥാനാർഥിക്ക‌് ബിജെപിയിലേക്ക‌് പോകില്ലെന്ന‌് പരസ്യം ചെയ്യേണ്ടിവരുന്നു. ഇങ്ങനെയുള്ള കോൺഗ്രസും ബിജെപിയും തമ്മിൽ എന്താണ‌് വ്യത്യാസം.
കേന്ദ്ര ഭരണം ആർക്കെന്ന‌് തീരുമാനിക്കുന്ന ഉത്തർപ്രദേശിൽ 73 സീറ്റിലും ബിജെപിയാണ‌്. രണ്ട‌് സീറ്റ‌് മാത്രമാണ‌് കോൺഗ്രസിനുള്ളത‌്. ഇവിടെ എസ‌്പി–-ബിഎസ‌്പി–-ആർഎൽഡി സഖ്യത്തോടൊപ്പമല്ല കോൺഗ്രസ‌് മത്സരിക്കുന്നത‌്. ഇത‌് മതേതര വോട്ടുകളെ ഭിന്നിപ്പിക്കും. ഇതിന്റെ ഗുണം ആർക്കെന്നത‌് കോൺഗ്രസ‌് തിരിച്ചറിയണം. 
   ഹരിയാനയിലെ മദ്രസാ വിദ്യാർഥി ജുനൈദിനെ സംഘപരിവാറുകാർ കൊലപ്പെടുത്തിയപ്പോൾ  കോൺഗ്രസിന്റെ ഒരു നേതാവും വീട്ടിൽ എത്തിയില്ല. 
എന്നാൽ, കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ ജുനൈദിന്റെ കുടുംബത്തെ സന്ദർശിച്ച‌് ആശ്വസിപ്പിച്ചു. കഴിയാവുന്ന സഹായങ്ങൾ നൽകാമെന്ന‌് ഉറപ്പുനൽകി. ഇതാണ‌് ഇടതുപക്ഷ നിലപാട‌്‌. ഈ നിലപാട‌് കേന്ദ്രത്തിൽ ശക്തിപ്പെടുത്താൻ ഇടതുപക്ഷ എംപിമാരുടെ എണ്ണം കൂട്ടണമെന്നും ബൃന്ദ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top