19 September Thursday

ദുരിതബാധിതരെ പുനരധിവസിപ്പിക്കും: മന്ത്രി ബാലൻ

സ്വന്തം ലേഖകൻUpdated: Sunday Aug 18, 2019

ഉരുള്‍പൊട്ടലിനെ തുടർന്ന് കരുളായി പുള്ളിയില്‍ ജിയുപി സ്‌കൂളിലുള്ള ക്യാമ്പ് മന്ത്രി എ കെ ബാലന്‍ സന്ദര്‍ശിക്കുന്നു

 

നിലമ്പൂർ 
നിലമ്പൂരിലെ മുഴുവൻ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി എ കെ ബാലൻ. വനാവകാശ നിയമപ്രകാരം ലഭിച്ച 203.64 ഹെക്ടർ വനഭൂമി ജില്ലയിലുണ്ട്. ആദിവാസികളെ പുനരധിവസിപ്പിക്കാൻ ഈ സ്ഥലം ഉപയോഗപ്പെടുത്തും. മറ്റുള്ള 200–-ഓളം ദുരന്തബാധിത കുടുംബങ്ങളെ  ശാശ്വതമായി പുനരധിവസിപ്പിക്കാൻ മുണ്ടേരി സീഡ് ഫാമിലെ സ്ഥലം ഉപയോഗപ്പെടുത്താനാകുമോ എന്നത്‌  പരിശോധിക്കും. ഇതിനായി നിർദേശം തയാറാക്കും. വീടും ഭൂമിയും നഷ്ടപ്പെട്ട്‌ സ്വന്തം സ്ഥലത്തേക്ക് പോകാൻ കഴിയാത്തവരെ താൽക്കാലികമായി വാടകക്കെടുത്ത കെട്ടിടങ്ങളിൽ താമസിപ്പിക്കുമെന്നും കവളപ്പാറ ദുരന്തഭൂമി സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു. ഭൂദാനം സെന്റ് മേരീസ് ദേവാലയം, ജിയുപിഎസ് പുള്ളിയിൽ, മുണ്ടേരി സ്‌കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു.
ദുരന്തബാധിത മേഖലങ്ങളിൽ ജില്ലാ ഭരണസംവിധാനവും ജനപ്രതിനിധികളും പൊലീസ്, ഫയർഫോഴ്സ്, കരസേന, ദുരന്തനിവാരണ സേന, മറ്റ് ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ പ്രവർത്തനങ്ങളെ മന്ത്രി  അഭിനന്ദിച്ചു. നിലമ്പൂർ വെളിയന്തോട് ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ അവലോകനയോഗം ചേർന്നു.  പി വി അൻവർ എംഎൽഎ,  കലക്ടർ ജാഫർ മാലിക്, നിലമ്പൂർ (നോർത്ത്) ഡിഎഫ്ഒ വാർക്കഡ് യോഗേഷ് നീൽഖണ്ഡ്, ഐടിഡിപി പ്രോജക്ട് ഓഫീസർ ടി ശ്രീകുമാർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ സന്ധ്യ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top