24 August Saturday

കെഎസ്‌യു - എംഎസ്എഫ് അക്രമം: അസബാഹ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019
എടപ്പാള്‍ > യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിന്റെ പേരില്‍ കെഎസ്‌യു,- എംഎസ്എഫ് പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ അഴിഞ്ഞാടി. കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ചങ്ങരംകുളത്തിനടുത്ത് വളയംകുളം അസബാഹ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജാണ് സംഘര്‍ഷത്തെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചത്. ബുധനാഴ്ച എസ്എഫ്‌ഐ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനത്തി​ന്റെ ഭാഗമായി എസ്എഫ്‌ഐ പ്രകടനം നടത്തിയിരുന്നു. ക്യാമ്പസിനു പുറത്ത് സെക്യൂരിറ്റി ഓഫീസിന് സമീപത്തുനടന്ന പ്രകടനത്തിലെ വിദ്യാർഥി പങ്കാളിത്തംകണ്ട് രോഷാകുലരായ കെഎസ്‌യു-, എംഎസ്എഫ് പ്രവര്‍ത്തകര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ തിരിയുകയായിരുന്നു. 
 
വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് എത്തുമെന്ന് കണ്ടതോടെ ചങ്ങരംകുളം പൊലീസെത്തി വിദ്യാര്‍ഥികളെ പിരിച്ചുവിട്ടു. സംഘര്‍ഷാവസ്ഥ തുടരാതിരിക്കാന്‍ കോളേജ് അനിശ്ചിതകാലത്തേക്ക് വ്യാഴാഴ്ച മുതല്‍ അടച്ചിടുകയാണെന്നും തിങ്കളാഴ്ച രക്ഷിതാക്കളുടെ യോഗത്തിനുശേഷം തീരുമാനമെടുത്ത് തുറക്കാമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. സംഘര്‍ഷത്തിനിടെ കോളേജില്‍നിന്ന് പഠിച്ചിറങ്ങിപ്പോയ കെഎസ്‌യു-, എംഎസ്എഫ് പ്രവര്‍ത്തകര്‍ നേതൃത്വം കൊടുക്കാന്‍ ക്യാമ്പസില്‍ എത്തിയതായി എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ പറഞ്ഞു. രണ്ടുദിവസം മുമ്പ് കെഎസ്‌യു,- എംഎസ്എഫ് സംഘംചേര്‍ന്ന് എസ്എഫ്‌ഐക്കാരെ ക്രൂരമായി മര്‍ദിക്കുകയും ഇതില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയംഗത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 
 
‌‌‌എസ്എഫ്‌ഐ യൂണിയന്‍ ഭരിക്കുന്ന ക്യാമ്പസില്‍ നിരന്തരം സംഘര്‍ഷമാണെന്ന് വരുത്തിത്തീര്‍ക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. കോളേജില്‍ സമാധാനാന്തരീക്ഷം ഉണ്ടാകണമെന്നും അനിശ്ചിതകാലത്തേക്ക് അടച്ച കോളേജ് ഉടന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും എസ്എഫ്‌ഐ എടപ്പാള്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top