03 August Tuesday

ഉൾവനത്തിൽ കുടുങ്ങിയ *ആദിവാസി യുവാവിനെ രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

ചാലിയാർ പുഴയിലെ കുത്തൊഴുക്കിലൂടെ അതിസാഹസികമായി റബർ ഡിങ്കി ഉപയോഗിച്ച് ഫയർഫോഴ്സ് ദേവനെ ഇക്കരെയെത്തിക്കുന്നു

എടക്കര
നെഞ്ചുവേദനയുമായി ചാലിയാർ പുഴയ്ക്കക്കരെ ഉൾവനത്തിൽ കുടുങ്ങിയ ആദിവാസി യുവാവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. പോത്തുകല്ല് പഞ്ചായത്തിലെ മുണ്ടേരി ഇരുട്ടുകുത്തി കോളനിയിലെ ദേവനെ (45)യാണ് നിലമ്പൂരിൽനിന്നെത്തിയ ഫയർഫോഴ്സും സിവിൽ ഡിഫൻസ് വളന്റിയർമാരും പോത്ത്കല്ല് പൊലീസും ഫോറസ്റ്റ് ജീവനക്കാരും ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേ‍ഡ് അംഗങ്ങളും ചേർന്ന് ചാലിയാർ പുഴ കടന്ന്  രക്ഷപ്പെടുത്തിയത്. ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വ്യാഴാഴ്‌ച പകൽ രണ്ടോടെയാണ് സംഭവം.
ശക്തമായ മഴയിൽ ചാലിയാറിൽ വെള്ളം ഉയർന്നതും പുഴയ്ക്കുകുറുകെ പാലം ഇല്ലാത്തതിനാലും വൈദ്യസഹായം ലഭിക്കാതെ വനത്തിനുള്ളിൽ കോളനിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ദേവൻ. ചാലിയാറിലെ ശക്തമായ കുത്തൊഴുക്കിൽ  അതിസാഹസികമായി റബർ ഡിങ്കി ഉപയോഗിച്ചാണ് ദേവനെ ഇക്കരെ എത്തിച്ചത്. നിലമ്പൂരിൽനിന്നാണ് ഫയർഫോഴ്‌സിന്റെ സേവനം ലഭ്യമാവുന്നത്.  അതിവേഗ രക്ഷാപ്രവർത്തനം സാധ്യമാക്കുന്നതിന് എടക്കരയിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാണ്. രക്ഷാപ്രവർത്തനത്തിൽ നിലമ്പൂർ ഫയർ സ്റ്റേഷൻ ഇൻ ചാർജ് ഓഫീസർ സി കെ നന്ദകുമാർ, സീനിയർ ഫയർ ഓഫീസർമാരായ  കെ ശശികുമാർ, കെ സന്തോഷ് കുമാർ, എൽ ഗോപാലകൃഷ്ണൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ എം ഷിന്റു, എ എസ് പ്രദീപ്, ടി പി പ്രശാന്ത്, വി സിസിൽ ദാസ്, കെ രമേഷ്, വി യു രമേഷ്, കെ മനേഷ്, സി വിനോദ്, സിവിൽ ഡിഫൻസ് വളന്റിയർമാരായ കെ അബ്ദുൾ സലാം, റിജു രാജ് എന്നിവർ നേതൃത്വം നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top