17 October Thursday

‘നമുക്കൊരുക്കാം അവർ പഠിക്കട്ടെ’ ബദൽ സ്കൂൾ എസ്എഫ്ഐ ഏറ്റെടുത്തു

സ്വന്തം ലേഖകൻUpdated: Tuesday Jun 18, 2019

താനൂർ ഒട്ടുംപുറം ബദൽ സ്കൂൾ എസ്എഫ്ഐ ഏറ്റെടുക്കുന്നതിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറിയറ്റംഗം ജോബി ജെയിംസ് നിർവഹിക്കുന്നു

 
താനൂർ
പാഠ്യ–-പാഠ്യേതര മേഖലയിൽ മികവ് തീർക്കാൻ ‘നമുക്കൊരുക്കാം അവർ പഠിക്കട്ടെ’ മുദ്രാവാക്യമുയർത്തി എസ്എഫ്ഐ താനൂർ ഏരിയാ കമ്മിറ്റി ആഭിമുഖ്യത്തിൽ ഒട്ടുംപുറത്ത് സ്ഥിതിചെയ്യുന്ന ബദൽ സ്കൂൾ ഏറ്റെടുത്തു.
 സ്കൂൾ ഏറ്റെടുക്കൽ ജില്ലാതല ഉദ്ഘാടനം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ജോബി ജെയിംസ് നിർവഹിച്ചു. താനൂർ ഏരിയാ പ്രസിഡന്റ് വി പി അഭിജിത്ത് അധ്യക്ഷനായി. 
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ഇ അഫ്സൽ, ബാലസംഘം ജില്ലാ സെക്രട്ടറി എൻ ആദിൽ, സിപിഐ എം തീരദേശ ലോക്കൽ കമ്മിറ്റിയംഗം എം പി മുഹമ്മദ് സറാർ, സ്കൂൾ ഹെഡ്മിസ്ട്രസ് ലത എന്നിവർ സംസാരിച്ചു. എസ്എഫ്ഐ ഏരിയാ സെക്രട്ടറി വിശാഖ് സ്വാഗതവും മനീഷ നന്ദിയും പറഞ്ഞു.
ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന 77 വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണംചെയ്തു. ശോച്യാവസ്ഥയിലുള്ള സ്കൂൾ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളും പരിസരവും എസ്എഫ്ഐ പ്രവർത്തകർ ശുചീകരിച്ചു. 
കെട്ടിടം പൂർണമായും പെയിന്റ് ചെയ്തു. ചുവരുകളിൽ വർണ ചിത്രങ്ങളും വരച്ച് മനോഹരമാക്കി. മാത്രമല്ല, സ്കൂളിലെ വൈദ്യുതീകരണ പ്രവൃത്തിയും നടത്തി.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലുമായി പ്രത്യേക പരിശീലന ക്ലാസുകൾ നടത്തും. സ്കൂളിൽ നടക്കുന്ന ആഘോഷ പരിപാടികൾക്ക് എസ്എഫ്ഐ നേതൃത്വം നൽകുമെന്ന് ഏരിയാ നേതാക്കൾ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന സ്കൂളിന്റെ അവസ്ഥ അതീവ ഗുരുതരമായതിനെ തുടർന്നാണ് എസ്എഫ്ഐ ഏറ്റെടുക്കാൻ തീരുമാനിച്ചത്.
പ്രധാന വാർത്തകൾ
 Top