01 April Wednesday

ഉൽപ്പാദനത്തിൽ വൻ കുറവ്‌ മധുരിക്കുന്നില്ല തേൻ

എം സനോജ്‌Updated: Tuesday Feb 18, 2020

 

 
 
ചാലിയാർ
പ്രളയത്തിനുശേഷമെത്തിയ തേൻ സീസൺ കർഷകർക്ക് തിരിച്ചടിയാവുന്നു. ജില്ലയിൽ പ്രധാനമായും തേനീച്ച വളർത്തുന്ന മലയോരത്ത്  തേൻ  ഉൽപ്പാദനം 60 ശതമാനം കുറഞ്ഞു. സാധാരണ സെപ്‌തംബറോടെയാണ്‌ തേനീച്ച കോളനി വിഭജനം ആരംഭിക്കുന്നത്‌. ജനുവരിമുതൽ മാർച്ചുവരെ തേനെടുക്കാം. ഒരു പെട്ടിയിൽനിന്ന് 12 മുതൽ 20 കിലോഗ്രാംവരെ തേൻ കിട്ടും. ഇത്തവണ ഇതുവരെ കാര്യമായി തേൻ ലഭിച്ചില്ല. 
പൊതുവേ തേനീച്ചകൾക്ക് വളർച്ചയില്ല. തുടർച്ചയായ മഴയും തേനീച്ചകളുടെ നാശത്തിന് കാരണമായി.  പ്രളയകാലത്ത്‌ മലയോരത്ത് 40 ശതമാനം തേനീച്ചകൾ നശിച്ചതായാണ്‌ കണക്ക്‌. അവശേഷിക്കുന്ന തേനീച്ചകളിൽനിന്ന് കാര്യമായി കോളനി വിഭജനം നടത്താനായിട്ടില്ല. ജില്ലയിൽ നിരവധിയാളുകളാണ്‌ തേനീച്ച കൃഷിചെയ്യുന്നത്‌. തമിഴ്നാട്ടിൽനിന്ന്‌ വന്ന് തേനീച്ച കൃഷി നടത്തുന്നവരുമുണ്ട്‌. ഇത്തവണ തേൻ കുറവാണെന്ന്  22 വർഷമായി നിലമ്പൂരിൽ തേൻകൃഷി ചെയ്യുന്ന തമിഴ്നാട് സ്വദേശി ചന്ദ്രൻ പറഞ്ഞു. തമിഴ്‌നാട്ടുകാരായ പകുതിയോളം പേരും മോശം കാലാവസ്ഥ കാരണം തിരിച്ചുപോയി. 
വൻതേനിനൊപ്പം ചെറുതേൻ കൃഷിയിലും കാലാവസ്ഥാ വ്യതിയാനം പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്‌.  തേനീച്ചവളർത്തൽ നേരിട്ട്‌ കൃഷിവകുപ്പിന് കീഴിലല്ലാത്തതിനാൽ കർഷകർക്ക്  നഷ്ടപരിഹാരവും ലഭിക്കുന്നില്ല. തേനിൽ ജലാംശം ഇരുപത് ശതമാനമാക്കി നിജപ്പെടുത്തിയ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഉത്തരവും തിരിച്ചടിയായി. ജലാംശം കുറഞ്ഞാൽ രുചിയും ​ഗുണനിലവാരവും നഷ്ടമായി വിപണിയിൽനിന്ന് കേരളത്തിലെ തേൻ ഒഴിവാക്കപ്പെടുമെന്ന ആശങ്കയാണ്‌ കർഷകർക്ക്‌. 25 ശതമാനംവരെ ജലാംശമുള്ള തേൻ വിൽക്കാമെന്ന അനുമതിയാണ് പുതിയ ഉത്തരവിലൂടെ ഇല്ലാതായത്.
 
പ്രധാന വാർത്തകൾ
 Top