14 December Saturday
മാറിനിൽക്കരുത്‌- മലപ്പുറം

കേരള ബാങ്കിനായി സഹകാരി മാർച്ച്‌

സ്വന്തം ലേഖകൻUpdated: Sunday Nov 17, 2019

കേരള സഹകരണബാങ്ക്‌ സംരക്ഷണ സമിതി നേതൃത്വത്തിൽ നടത്തിയ സഹകാരി മാർച്ച്‌

 

മലപ്പുറം
കേരളബാങ്കിൽ ചേരാത്ത മലപ്പുറം ജില്ലാ ബാങ്ക്‌ ഭരണസമിതിയുടെ നിലപാടുകളുടെ യുക്തിരാഹിത്യം തുറന്നുകാട്ടി സഹകാരികളുടെ മാർച്ചും പൊതുയോഗവും. മലപ്പുറത്തിന്റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഉതകുമായിരുന്ന കേരളബാങ്കിനോട് മുഖംതിരിക്കുന്ന യുഡിഎഫ്‌ നേതൃത്വത്തിന്റെ രാഷ്‌ട്രീയ വിരോധത്തിനെതിരായ ജനവികാരം അടയാളപ്പെടുത്തുന്നതായി മാർച്ചും യോഗവും. ജീവനക്കാർക്കും നിക്ഷേപകർക്കും ഇടപാടുകാർക്കും  നാടിനാകെയും നേട്ടമായ കേരളബാങ്ക്‌ രൂപീകരണത്തോട്‌ സംസ്ഥാനത്തെ മറ്റ്‌ 13 ബാങ്കുകളും സഹകരിക്കുമ്പോൾ  മലപ്പുറം മാറിനിൽക്കുന്നതിലെ നീതികേടും വിശദീകരിച്ചു.  ‘മാറി നിൽക്കരുത്‌ –- മലപ്പുറം’   മുദ്രാവാക്യവുമായി ജൂബിലി റോഡിൽനിന്നാരംഭിച്ച മാർച്ചിൽ വനിതകളടക്കം നൂറുകണക്കിന് സഹകാരികൾ പങ്കെടുത്തു.  ജില്ലാ സഹകരണ ബാങ്ക്‌–- കേരളബാങ്ക്‌ സംരക്ഷണ സമിതി സംഘടിപ്പിച്ച മാർച്ചിനുശേഷം സിവിൽ സ്‌റ്റേഷൻ പരിസരത്ത്‌ ചേർന്ന പൊതുയോഗം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടി ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം പി പി വാസുദേവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌, ബെഫി സംസ്ഥാന പ്രസിഡന്റ്‌ ടി നരേന്ദ്രൻ, ഡിബിഇഎഫ്‌ സംസ്ഥാന സെക്രട്ടറി വി ബി പത്മകുമാർ, കെസിഇയു സംസ്ഥാന പ്രസിഡന്റ്‌  മോഹൻദാസ്‌ കൈനോട്ട്‌, സി ദിവാകരൻ, ബെഫി സംസ്ഥാന സെക്രട്ടറി എ എസ്‌ അനിൽ, വി പി അനിൽ, ഇ ജയൻ, കെ പി സുമതി എന്നിവർ സംസാരിച്ചു. പി അലി സ്വാഗതവും പി ശ്രീധരൻ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top