13 November Wednesday
തേക്ക് മ്യൂസിയം

ഔഷധോദ്യാനം ദേശീയ നിലവാരത്തിലേക്ക്: പ്രവൃത്തി തുടങ്ങി

എം സനോജ‌്Updated: Wednesday Oct 16, 2019
 
നിലമ്പൂര്‍
തേക്ക് മ്യൂസിയത്തിലെ ഔഷധോദ്യാനത്തെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികള്‍ക്ക് തുടക്കമായി. നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍  ബ്ലോക്കുകള്‍ തിരിക്കല്‍,   ജലസേചന സംവിധാനം എന്നിവയുടെ പ്രവര്‍ത്തനമാണ് നടക്കുന്നത്.  
പരമ്പരാഗത ഔഷധസസ്യങ്ങളുടെയും വംശനാശം നേരിടുന്ന ഔഷധസസ്യങ്ങളുടെയും സംരക്ഷണമാണ് ഔഷധോദ്യാനത്തിന്റെ പ്രധാന ലക്ഷ്യം. ഗവേഷകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ക്ക് കണ്ട് മനസ്സിലാക്കാവുന്നരീതിയിലാണ് ഔഷധോദ്യാനം ഒരുക്കുന്നത്.  അഞ്ച് ഹെക്ടര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഇതിനായി മാറ്റിവച്ചത്‌. ഇതില്‍ രണ്ട് ഹെക്ടറില്‍ ഉദ്യാനം പൂര്‍ത്തിയായി.  
ആദിവാസികളുടെയും ആദിവാസി പാരമ്പര്യ വൈദ്യശൃംഖലയിലുള്ളവരെയും കണ്ടെത്തി ഔഷധസസ്യങ്ങളുടെ വിത്തും തൈകളും ശേഖരിച്ചാണ് ഉദ്യാനത്തില്‍ വളര്‍ത്തുന്നത്. ഔഷധോദ്യാനത്തിന്റെ നവീകരണത്തിനായി തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വനംവകുപ്പ്‌ കേന്ദ്രങ്ങളുമായി പഠന ഗവേഷണ സൗകര്യങ്ങളും ഒരുക്കിയതായി വനം ഗവേഷണ കേന്ദ്രം നിലമ്പൂര്‍ സബ് സെന്ററിലെ ശാസ്ത്രജ്ഞനായ ഡോ. യു എം ചന്ദ്രശേഖരന്‍ പറഞ്ഞു. 
ജനങ്ങളെ ആകര്‍ഷിക്കുന്ന വിധമായിരിക്കും ജലസേചനത്തിനുള്ള കുളങ്ങള്‍ നിര്‍മിക്കുക. കോണ്‍ക്രീറ്റില്‍ പരമ്പരാഗത വേഷത്തിലുള്ള ആദിവാസികളുടെ മുഖരൂപങ്ങൾ നിര്‍മിച്ച് ഔഷധോദ്യാനത്തില്‍ സ്ഥാപിക്കും.
പ്രധാന വാർത്തകൾ
 Top