23 August Friday

ലീഗിന്റെ ഭീഷണിക്കുവഴങ്ങി രാജിവയ‌്ക്കില്ല: പള്ളിക്കൽ പഞ്ചായത്ത‌് പ്രസിഡന്റ‌്

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019

 കൊണ്ടോട്ടി  

പ്രവർത്തിക്കാൻ അനുവദിക്കാതെ ലീഗ് നിരന്തരം വേട്ടയാടുന്നതായി ലീഗുകാരിയായ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പറമ്പൻ മിഥുന. ലീഗിന്റെ ഭീഷണിക്ക് വഴങ്ങി രാജിവയ്ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മിഥുന പറഞ്ഞു. 
  പഞ്ചായത്തിലെ ലീഗിലെ  ഗ്രൂപ്പ് പോരിൽ തന്നെ ബലിയാടാക്കുകയാണ‌്.  കെ പി മുസ്തഫ തങ്ങൾ നേതൃത്വം നൽകുന്ന ഗ്രൂപ്പിലായിരുന്നു താൻ. ഇതുകാരണം മറുഗ്രൂപ്പിൽനിന്ന‌് പിന്തുണ ലഭിച്ചില്ല. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളെയാണ് ലീഗിലെ തമ്മിലടി ബാധിച്ചത്. തനിക്കെതിരെ  അപവാദ പ്രചാരണവും അഴിച്ചുവിട്ടു. 
പഞ്ചായത്തിലെ ഭരണപരമായ കാര്യങ്ങൾ തന്നോട് ആലോചിക്കാതെ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ അബ്ദുൽ കാദർ നിർവഹിക്കുന്ന സ്ഥിതിയുണ്ടായി. യോഗങ്ങളും പഞ്ചായത്തിലെ പൊതുപരിപാടികളും ആലോചിക്കാതെ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ലഭിക്കേണ്ട പരിഗണനയും ലീഗ് നൽകിയില്ല. വൈസ് പ്രസിഡന്റടക്കം ചിലരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് നിലപാട് സ്വീകരിച്ചതിനാൽ വികസന പ്രവർത്തനം മുടങ്ങി. 
ലീഗിന്റെ കടുത്ത വേട്ടയാടൽമൂലം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ  തീരുമാനിച്ചിരുന്നു. എന്നാൽ ഒരു വിഭാഗം ഭരണസമിതി അംഗങ്ങൾ അനുവദിച്ചില്ല. 
ലീഗിൽനിന്ന്  സസ‌്പെൻഡ‌് ചെയ‌്തുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. സസ‌്പെൻഡ‌് ചെയ്തതായി രേഖാമൂലം ഒരറിയിപ്പും ഇതുവരെ ലീഗ് നേതൃത്വത്തിൽനിന്ന് ലഭിച്ചിട്ടില്ല. കൂറുമാറിയെന്ന ആക്ഷേപവും ശരിയല്ലെന്നും മിഥുന പറഞ്ഞു.
പ്രധാന വാർത്തകൾ
 Top