18 June Tuesday

കലിക്കറ്റിൽ വിദ്യാർഥിനികൾക്കുനേരെ എംഎസ്എഫ്-–-യൂത്ത് ലീഗ് കൈയേറ്റം

വെബ് ഡെസ്‌ക്‌Updated: Saturday Feb 16, 2019

കലിക്കറ്റ്‌ സർവകലാശാല ഭരണവിഭാഗത്തിലേക്ക്‌ എസ്‌എഫ്‌ഐ നടത്തിയ മാർച്ച്‌ കെ എ സക്കീർ ഉദ്‌ഘാടനംചെയ്യുന്നു

തേഞ്ഞിപ്പലം > കലിക്കറ്റ് സർവകലാശയൊ ക്യാമ്പസിൽ  എംഎസ്എഫ്–യൂത്ത് ലീഗ് സംഘം  വിദ്യാർഥിനികളെ കൈയേറ്റംചെയ്യുകയും അപമര്യാദയായി പെരുമാറുകയുംചെയ്തു. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. സി എച്ച് മുഹമ്മദ‌് കോയ ലൈബ്രറിയിൽനിന്ന‌് സുഹൃത്തുക്കളോടൊപ്പം പോകുമ്പോഴാണ് സ്റ്റുഡന്റ് ട്രാപ്പിനടുത്തുവച്ച് മോശമായ പെരുമാറ്റവും കൈയേറ്റശ്രമവും നടന്നത്. 
സർവകലാശാലാ പഠനവിഭാഗങ്ങളിലെ വിദ്യാർഥികളും എംഎസ്എഫ് പ്രവർത്തകരുമായ മുഹമ്മദ‌് റിയാസ്, ഹർഷിദ് അലി, ഷമീൽ, അഫ്സൽ, ദിൽഷാദ്  എന്നിവരും കെഎൽ 48 ഡി 8381 നമ്പർ കാറിൽ പുറത്തുനിന്നെത്തിയ  യൂത്ത് ലീഗ് പ്രവർത്തകരുമാണ് അതിക്രമം കാണിച്ചത്. ഒരു പ്രകോപനവുമില്ലാതെയാണ്  അക്രമം.  കഴിഞ്ഞദിവസം രാത്രി വിവിഐപി ഗസ്റ്റ് ഹൗസ്, ഗസ്റ്റ് ഹൗസിലെ കാന്റീൻ, ഹോസ്റ്റൽ എന്നിവയുടെ ജനൽ ചില്ലുകളും   വാതിലും എറിഞ്ഞ് തകർത്തിരുന്നു. പുറത്തുനിന്ന് രാത്രി എത്തുന്നവരെ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിക്കുന്നില്ലെന്ന പരാതിയും  ശക്തമാണ്.
 
മുഖ്യമന്ത്രി 20ന് ക്യാമ്പസിൽ എത്താനിരിക്കെ സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ളശ്രമമാണോ നടക്കുന്നതെന്ന സംശയവും ഉയർന്നിട്ടുണ്ട്.  കുറ്റവാളികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭരണവിഭാഗത്തിലേക്ക് മാർച്ച് നടത്തി.  ജില്ലാ സെക്രട്ടറി കെ എ സക്കീർ ഉദ്ഘാടനംചെയ്തു. സി രാഹുൽ, ആർ അജയ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രോ വൈസ് ചാൻസലർ ഡോ. പി മോഹൻ, സിൻഡിക്കറ്റംഗങ്ങളായ പ്രൊഫ. ആർ ബിന്ദു, കെ കെ ഹനീഫ എന്നിവരുമായി ചർച്ച നടത്തി. ഇവർ നൽകിയ ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top