13 December Friday

എടപ്പാൾ ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

ജില്ലാ സ്കൂൾ കായികമേളയിൽ ചാമ്പ്യൻമാരായ എടപ്പാൾ ഉപജില്ലാ ടീം

തേഞ്ഞിപ്പലം
റവന്യൂ ജില്ലാ കായികമേളയിൽ എടപ്പാൾ ഉപജില്ല ജേതാക്കളായി. 32 സ്വർണവും 22 വെള്ളിയും ഏഴ്‌ വെങ്കലവുമായി 232.5 പോയിന്റ്‌ സ്വന്തമാക്കിയാണ്‌ എടപ്പാൾ കിരീടം നേടിയത്‌. 13 സ്വർണവും നാല്‌ വെള്ളിയും 14 വെങ്കലവുമായി 91 പോയിന്റോടെ മങ്കട രണ്ടാമതെത്തി. തിരൂർ (79.5), താനൂർ (72) എന്നീ ഉപജില്ലകളാണ്‌ മൂന്നും നാലും സ്ഥാനങ്ങളിൽ. സബ്‌ ജൂനിയർ ഗ്രൂപ്പ്‌ ഇനങ്ങളിൽ 35.5 പോയിന്റോടെ തിരൂരും ജൂനിയർ (108), സീനിയർ (90) വിഭാഗങ്ങളിൽ എടപ്പാളും ചാമ്പ്യന്മാരായി. 
കനത്ത ചൂടിനെപ്പോലും അവഗണിച്ച്‌ വാശിയേറിയ മത്സരമാണ്‌ എല്ലാ ഇനങ്ങളിലും നടന്നത്‌. 201.5 പോയിന്റുമായി കടകശേരി ഐഡിയൽ ഇഎച്ച്‌എസ്‌എസിന്റെ മുന്നേറ്റമാണ്‌ എടപ്പാളിനെ കിരീടം ചൂടിച്ചത്‌. 
മൂന്നു ദിവസമായിരുന്ന മേള രണ്ട്‌ ദിവസമാക്കി ചുരുക്കിയതിന്റെ പോരായ്‌മകൾ ആദ്യ ദിവസം ഉണ്ടായിരുന്നുവെങ്കിലും രണ്ടാം ദിവസത്തെ മത്സരങ്ങൾ കുറ്റമറ്റ രീതിയിലാണ്‌ നടത്തിയത്‌. അധ്യാപക സമരം ആവേശം ചോർത്തുമെന്ന്‌ ഒരു വിഭാഗം വിശ്വസിച്ചെങ്കിലും അവരെ നിരാശരാക്കുന്നതായിരുന്നു അവസാന ദിനം. വിജയികൾക്ക്‌ വിദ്യാഭ്യാസ ഉപഡയറക്ടർ എസ്‌ കുസുമം, വേങ്ങര, പരപ്പനങ്ങാടി എഇഒമാരായ ബാലഗോപാലൻ, നാസർ, കൺവീനർ പി ജെ മാനുവൽ എന്നിവർ സമ്മാനം വിതരണം ചെയ്‌തു. സംസ്ഥാന കായികമേളക്കുള്ള ജില്ലാ ടീം വെള്ളിയാഴ്ച പകൽ 11ന്‌ കണ്ണൂർക്ക്‌ പുറപ്പെടും.
പ്രധാന വാർത്തകൾ
 Top