തേഞ്ഞിപ്പലം
സീനിയർ ആൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണം നേടിയതോടെ എബ്രിന് ഇത് ഹാട്രിക് നേട്ടം.
തുടർച്ചയായ മൂന്നാം വർഷമാണ് ഇതേ ഇനത്തിൽ താരം സ്വർണം നേടുന്നത്. കടകശേരി ഐഡിയൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ഈ സുൽത്താൻ ബത്തേരിക്കാരൻ. 1.95 മീറ്റർ എന്ന ജില്ലയിലെ മികച്ച ഉയരത്തോടൊപ്പം എത്തിയാണ് എബ്രിൻ മെഡൽ നേടിയത്.
അഞ്ച് വർഷമായി ജില്ലാ കായികമേളയിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം 1.93 മീറ്റർ ചാടി ഒന്നാമതെത്തിയ എബ്രിൻ സംസ്ഥാന മേളയിൽ വെങ്കലവും നേടിയിരുന്നു. ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസുകാരനായ സഹോദരൻ ഫെബിൽ കെ ബാബുവും ഹൈജമ്പ് താരമാണ്. ബാബു തോമസും ബിന്ദു സെബാസ്റ്റിനുമാണ് ഇരുവരുടെയും മാതാപിതാക്കൾ.
അമ്മ ബിന്ദുവും കായികതാരമായിരുന്നു. സ്കൂളിലെ കായികാധ്യാപകന് നദീഷ് ആണ് പരിശീലകൻ.