17 October Thursday

മേൽപ്പാലങ്ങൾ യാഥാർഥ്യമാവുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019

താനൂർ /പെരിന്തൽമണ്ണ

ഓവർ ബ്രിഡ്ജുകളുടെ നിർമാണത്തിന് കേന്ദ്ര സർക്കാരുമായും റെയിൽവേയുമായും ധാരണാപത്രം ഒപ്പിടുന്നതിന് സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയതോടെ ജില്ലയിലെ മൂന്ന്‌ റെയിൽവേ മേൽപ്പാലങ്ങൾ യാഥാർഥ്യത്തിലേക്ക്‌. നാട്ടുകാരുടെ ദീർഘ നാളത്തെ ആവശ്യമാണ്‌ ഇതോടെ പൂർത്തിയാകുന്നത്‌. കേരള റെയിൽ ഡെവലപ്മെന്റ്‌ കോർപറേഷനാണ‌് ചുമതല. 
താനൂർ തയ്യാല മേൽപ്പാലമാണ്‌ ആദ്യത്തേത്‌. താനൂർ നഗരത്തെ വെന്നിയൂർ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്  താനൂർ–- തയ്യാല റോഡ്. നിരവധി ട്രെയിനുകളാണ് ദിവസേന താനൂർ സ്റ്റേഷനിലൂടെ കടന്നുപോകുന്നത്.  ഓരോ ട്രെയിൻ കടന്നുപോകുമ്പോഴും പത്തുമിനുട്ടോളം റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കും.വാഹനങ്ങളുടെ നിര തയ്യാല റോഡ് ജങ്ഷനിൽ എത്തും. 
ഗേറ്റ് തുറക്കുമ്പോൾ ഉണ്ടാകുന്ന തിരക്ക് പലപ്പോഴും അപകടങ്ങൾക്കും കാരണമാകാറുണ്ട്.  ഇടതുപക്ഷ സർക്കാരിന്റെ പ്രഥമ ബജറ്റിൽ ഓവർ ബ്രിഡ്ജിനുവേണ്ടി 23 കോടി രൂപയാണ് അനുവദിച്ചത്. ഒരു വർഷംമുമ്പ് സാമൂഹ്യ  പ്രത്യാഘാത പഠനത്തിന്റെ പബ്ലിക് ഹിയറിങ്ങും കരട് റിപ്പോർട്ടവതരണവും താനൂരിൽ നടന്നിരുന്നു. ഭൂമി നഷ്ടപ്പെടുന്നവർ മുഴുവനും ഹിയറിങ്ങിൽ പങ്കെടുത്ത് തങ്ങളുടെ ഭൂമി നൽകാമെന്ന് ഉറപ്പുനൽകിയിരുന്നു.
ചെറുകരയിലും പട്ടിക്കാട്ടും റെയിൽവേ മേൽപ്പാലമെന്ന ആവശ്യത്തിന്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌.നാട്ടുകാരുടെ ആവശ്യമാണ് എൽഡിഎഫ് ഗവൺമെന്റിന്റെ ശക്തമായ ഇടപെടലിലൂടെ നടപ്പാവുന്നത്.
പെരിമ്പിലാവ് –- നിലമ്പൂർ സംസ്ഥാന പാതയിലാണ് ചെറുകര മേൽപ്പാലം. പെരിന്തൽമണ്ണ–- - പാണ്ടിക്കാട് റോഡിലാണ് പട്ടിക്കാട് മേൽപ്പാലം. നിലമ്പൂർ–--ഷൊർണൂർ റെയിൽ പാതയിലുള്ള നിലവിലെ റെയിൽവേ ഗേറ്റുകളിലാണ്  രണ്ട് റെയിൽ മേൽപ്പാലങ്ങളും പണിയുന്നത്. നിലമ്പൂർ–-കൊച്ചുവേളി എക്സ്പ്രസ് ട്രെയിനും നിലമ്പൂർ-–-എറണാകുളം, നിലമ്പൂർ -–- പാലക്കാട്, നിലമ്പൂർ-–-ഷൊർണൂർ ട്രെയിനുകളടക്കം 14 ട്രെയിനുകൾ ഇതിലെ ഓടുന്നുണ്ട്. ഇതിനായി 14 തവണയാണ‌് ഗേറ്റുകൾ അടച്ചിടുന്നത‌്. കൂടാതെ മലബാറിലെ പ്രധാന എഫ്സിഐ ഗോഡൗണായ അങ്ങാടിപ്പുറം ഗോഡൗണിലേക്ക് ഭക്ഷ്യധാന്യങ്ങളുമായും  അങ്ങാടിപ്പുറം വേർഹൗസിലേക്ക് വരുന്ന ഗുഡ്സ് ട്രെയിനുകളും ചെറുകര റെയിൽവേ ഗേറ്റ് കടന്നാണ് വരേണ്ടത്. ഈ ട്രെയിനുകൾക്കെല്ലാം കടന്നുവരാൻ റെയിൽവേ ഗേറ്റുകൾ അടയ്ക്കുമ്പോൾ റോഡിനിരുവശവും വാഹനങ്ങളുടെ നീണ്ട നിരയാണ് ഉണ്ടാവാറ്. കൂടാതെ  ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾ വീതി കുറഞ്ഞ ഗേറ്റിലൂടെ കടക്കുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്ക്  മണിക്കൂറുകൾ നീളാറുണ്ട‌്. 2017ലാണ് മേൽപ്പാലങ്ങൾക്കുള്ള നിർദേശങ്ങൾക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയത്. 2018 നവംബർ 18ന് മേൽപ്പാല നിർമാണ സ്ഥലങ്ങളിലെ മണ്ണ് പരിശോധന നടത്തി സ്ഥലം അനുയോജ്യമാണെന്ന് ഉറപ്പുവരുത്തി. 
20 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന എസ്റ്റിമേറ്റുകളാണ് മേൽപ്പാല നിർമാണങ്ങൾക്കായി സമർപ്പിച്ചിരിക്കുന്നത‌്. നിലമ്പൂർ–നഞ്ചൻകോട് റെയിൽ പാതക്കും കൊച്ചിൻ ഹാർബറിൽനിന്നുള്ള ചരക്ക് കടത്തിനും മുതൽക്കൂട്ടാവുന്നതാണ് ഈ മേൽപ്പാലങ്ങൾ.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top