19 July Friday

ഊത്ത പിടിത്തം: നാടൻ മീൻ ഭീഷണിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019
തിരൂർ
മൺസൂൺ കാലത്ത് വയലുകളിലും ചെറു ജലാശയത്തിലുമെത്തുന്ന നാടൻ മൽസ്യങ്ങളെ അനധികൃതമായി പിടിക്കുന്നത് മൂലം ഇവ വംശനാശ ഭീഷണിയിൽ. കടലിലെ മൽസ്യസമ്പത്ത് സംരക്ഷിക്കാൻ മൽസ്യങ്ങളുടെ പ്രജനനസമയമായ ജൂൺ, ജൂലൈ മാസങ്ങളിൽ ട്രോളിങ്‌ നിരോധനമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉൾനാടൻ മത്സ്യസമ്പത്തിനെ സംരക്ഷിക്കാൻ  നടപടിയില്ലാത്തതാണ് പ്രശ്‌നം. 
തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ പുതുമഴയെത്തുന്നതോടെയാണ് പുഴയിലെ മൽസ്യങ്ങൾ ഊത്ത കയറ്റമെന്ന ദേശാന്തര ഗമനം നടത്തുന്നത്. പ്രജനനകാലമായതിനാൽ വയറു നിറയെ മുട്ടകളുമായാണ് മൽസ്യങ്ങളുടെ സഞ്ചാരം. മുൻകാലങ്ങളിൽ വിശാലമായ തോടുകളും വയലുകളും ഉണ്ടായിരുന്നതിനാൽ ഊത്തകയറ്റം മൽസ്യ സമ്പത്തിന് ഭീഷണിയായിരുന്നില്ല.എന്നാൽ ഇന്ന് വയലുകൾ അപ്രത്യക്ഷമാകുകയും തോടുകൾ ചുരുങ്ങുകയും ചെയ്തതോടെ ഊത്ത പിടിത്തം മൽസ്യസമ്പത്തിന് ഭീഷണിയായി മാറുകയാണ്.  കോലാൻ, നാടൻ മുഷി, കരുതല, വായം പൊത്തി, പൂയാൻ, കടു, മാനാക്കൻ തുടങ്ങി ഭക്ഷ്യയോഗ്യമായ 60 ഓളം ഇനം മൽസ്യങ്ങളും ഭക്ഷ്യയോഗ്യമല്ലാത്ത 19 ഇനവും അപ്രത്യക്ഷ്യമായി കൊണ്ടിരിക്കുകയാണെന്ന് മൽസ്യകർഷകർ പറയുന്നു. 
മൽസ്യ വേട്ടക്കാർ ചെറിയ വലകൾ ഉപയോഗിച്ചും മുളകൊണ്ടുണ്ടാക്കിയ ഒറ്റാൽ ഉപയോഗിച്ചും മൽസ്യം പിടിക്കുന്നു. കത്തിയോ കൊടുവാളോ ഉപയോഗിച്ച്‌ വെട്ടി പിടിത്തവുമുണ്ട്‌. വയർ നിറയെ മുട്ടകളുമായി സഞ്ചരിക്കുന്ന മത്സ്യങ്ങൾക്ക് അതിജീവന സാമർത്ഥ്യം കുറയുന്നതിനാൽ ഇവ കുരുക്കിലകപ്പെടും.  ചിറകെട്ടിയടച്ചും പത്തായമെന്ന കൂട് കെട്ടിയും കൊതുക് വല കണക്കെയുള്ള വല കെട്ടിയും ചെറു മൽസ്യങ്ങളെയടക്കം വാരുന്നുണ്ട്‌. പുഴയിലും മറ്റും മൽസ്യ ബന്ധനം നടത്തുന്നവർ വലയും മറ്റും രജിസ്‌റ്റർ ചെയ്യണമെന്ന നിയമമുണ്ടെങ്കിലും ഇവ പാലിക്കാൻ തയ്യാറാവാത്തതും പ്രശ്നം രൂക്ഷമാക്കുന്നു.ഇത്തരത്തിൽ ആയിരത്തോളം ഇനം മൽസ്യങ്ങൾ വംശനാശ ഭീഷണി നേരിടുന്നതായി മത്സ്യ ഗവേഷകർ നടത്തിയ പഠനങ്ങളിലുമുണ്ട്‌.2010 ലെ കേരള അക്വാകൾച്ചർ ആൻറ് ഇൻ ലാൻറ് ഫിഷറീസ് ആക്ട് പ്രകാരം പ്രജനനസമയത്ത് മൽസ്യ സഞ്ചാരത്തിന് തടസ്സം വരുത്തുകയോ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് മൽസ്യം പിടിക്കുകയോ ചെയ്യുന്നവർ 6 മാസം തടവിനും 15000 രൂപ പിഴക്കും ശിക്ഷാർഹരാണ്.  ഫിഷറീസ്, റവന്യൂ, പോലീസ്, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവർക്കു നടപടിയെടുക്കാം. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top