21 April Sunday

മോനേ സുനീറെ ഇങ്ങള്‌ ജയിക്കും

എം സനോജ‌്Updated: Monday Apr 15, 2019

വയനാട് ലോക് സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പി സുനീർ ചാലിയാർ പഞ്ചായത്തിൽ പര്യടനം നടത്തുന്നു

നിലമ്പൂർ
‘സന്തോഷായിക്കിണ് ഇങ്ങള് ഞമ്മക്ക് ഒരുതുണ്ട‌് ഭൂമി തന്നു. ഈ സർക്കാരിനോട് എന്നും കടപ്പാടുണ്ടാകും. മോനേ  സുനീറെ ഇങ്ങള് ജയിക്കും’–-വെള്ളനും ചീരയും  ആനന്ദക്കണ്ണീരോടെ പറഞ്ഞു. നമ്പൂരിപ്പെട്ടിയിലെ വഴിയോരത്ത‌് സ്ഥാനാർഥിയെ കാത്തുനിൽക്കുകയായിരുന്നു ഇരുവരും. മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട മതിൽമൂല പട്ടികവർഗ കോളനിയിലുള്ളവരാണ‌് വെള്ളനും ചീരയും. പ്രളയ പുനരധിവാസത്തിൽ മാതൃകയായ ചാലിയാർ പഞ്ചായത്തിൽ വയനാട‌് ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീറിന‌് നിറമനസ്സോടെ വരവേൽപ്പ‌്.  
       മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടപ്പോൾ ആശ്വാസമായ 
 എൽഡിഎഫ് സർക്കാരിനോടുള്ള നന്ദി സൂചകമായി പ്രിയ സ്ഥാനാർഥിക്ക‌് ഐക്യദാർഢ്യവുമായി മതിൽമൂല കോളനിക്കാർ വഴിയരികിൽനിന്ന‌് കൈവീശി.  ‘ജീവിതം തിരികെനൽകിയ എൽഡിഎഫ് സർക്കാരിനോടുള്ള കടപ്പാട് വോട്ടായി മാറും’–- അവർ ഒരേസ്വരത്തിൽ പറഞ്ഞു. 
ഒരു മുറിയും അടുക്കളയും അടങ്ങിയ ചെറിയ വീട്ടിലായിരുന്നു വെള്ളന്റെയും ചീരയുടെയും താമസം.  നാട്ടുകാരുടെ സഹായത്തോടെയാണ് വീട് ഓടിട്ടത്. ഓരോ കാലവർഷത്തിലും കുഞ്ഞുവീട്ടിൽ കഴിച്ചുകൂട്ടിയതോർക്കുമ്പോൾ ഇരുവരുടെയും കണ്ണുനിറയും. സങ്കടങ്ങളുടെ പെരുമഴയത്ത് നിൽക്കുമ്പോഴും സ്വന്തമായി ഭൂമി കിട്ടിയപ്പോൾ ഇവർക്കുള്ള സന്തോഷം ചെറുതല്ല. ഇപ്പോൾ പുതുതായി കിട്ടിയ സ്ഥലത്തിന്റെ പട്ടയവും ലഭിച്ചു. മതിൽമൂല കോളനിയിലേതടക്കം 34 പട്ടികവർഗ  കുടുംബങ്ങൾക്കാണ് ചാലിയാർ പഞ്ചായത്തിൽ 50 സെന്റ് വീതം ഭൂമി എൽഡിഎഫ് സർക്കാർ പതിച്ചുനൽകിയത‌്. 
വാളന്തോട‌്, വെണ്ടേക്കാംപൊയിൽ, ഇടിവണ്ണ, പെരുവമ്പാടം, വേണ്ണേക്കോട‌്, മൂലേപ്പാടം, ഒക്കാട‌്, പെരുമ്പത്തൂർ, അകമ്പാടം എന്നിവിടങ്ങളിലും സുനീർ വോട്ടഭ്യർഥിച്ചു. എല്ലായിടത്തും ആപത്തിൽ തുണയായ സർക്കാരിനുള്ള നന്ദിസൂചകമായി പിന്തുണാ പ്രവാഹം. 
വിവിധ സ്വീകരണകേന്ദ്രങ്ങളിൽ അജിത‌് കൊളാടി, പി എ സമദ‌്, പി ടി ഉമ്മർ, പി ടി ഉസ‌്മാൻ, യു കുഞ്ഞീതു, സി സഹൽ, രാജഗോപാലൻ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top