14 December Saturday

ആൾക്കൂട്ട ആക്രമണവും കുറ്റവിചാരണയും ഞെട്ടിച്ചു: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019
മലപ്പുറം
പ്രണയബന്ധത്തിന്റെ പേരിൽ ആൾക്കൂട്ടം മർദിച്ചതിലും കുറ്റവിചാരണ നടത്തി ശിക്ഷവിധിച്ചതിലും മനംനൊന്ത് യുവാവ്‌ വിഷംകഴിച്ച്‌ മരിച്ച സംഭവം ഞെട്ടിക്കുന്നുവെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണം. ഉത്തരേന്ത്യയിലെ സംഘപരിവാർ ആൾക്കൂട്ട ആക്രമണങ്ങളുടെയും താലിബാൻ മോഡൽ കുറ്റവിചാരണയുടെയും പതിപ്പാണ്‌ പുതുപ്പറമ്പിലെ സംഭവം.  ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്നതും സദാചാര പൊലീസിങ്ങും നിയമവാഴ്‌ചയെ ദുർബലമാക്കുമെന്നതിനാൽ അംഗീകരിക്കാനാവില്ല. 
   പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെട്ട ആൾക്കൂട്ടം ക്രൂരമായി മർദിച്ച്‌ ജീവച്ഛവമാക്കിയതിൽ മനംനൊന്താണ്  ഷാഹിർ (22) വിഷംകഴിച്ച്‌ മരിച്ചത്‌. അക്രമിസംഘം ഷാഹിറിനെ മർദിച്ചശേഷം  ചില നാട്ടുപ്രമാണിമാർ ഒരു പൗരപ്രമുഖന്റെ വീട്ടിലെത്തിച്ച്‌ താലിബാൻ മോഡൽ കുറ്റവിചാരണ നടത്തിയെന്നും ആക്ഷേപമുണ്ട്‌. അപായപ്പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തിയാണ്‌ പെൺകുട്ടിയുമായി ഇനി സൗഹൃദമുണ്ടാകില്ലെന്ന്‌ എഴുതിവാങ്ങിയത്‌. ചിത്രമെടുത്ത്‌ അപമാനിക്കുകയുംചെയ്‌തതിനാൽ  ജീവിച്ചിരുന്നിട്ട്‌ കാര്യമില്ലെന്നും യുവാവ്‌ പറഞ്ഞിരുന്നു. 
  യുവാവിന്റെ ഏതെങ്കിലും പെരുമാറ്റത്തിൽ എതിർപ്പുള്ളവർ പൊലീസിനെ സമീപിച്ച്‌ നിയമപരമായ പരിഹാരത്തിന്‌ ശ്രമിക്കണമായിരുന്നു. അതിനുപകരം താലിബാൻ മാതൃകയിൽ കുറ്റവിചാരണ നടത്തി ‘ശിക്ഷ’  നടപ്പാക്കാൻ മുതിർന്നത്‌ കുറ്റകൃത്യത്തിന്റെ  ഭീകരത വ്യക്തമാക്കുന്നു.  ആൾക്കൂട്ടത്തിന്റെ   ക്രിമിനൽ മാനസികാവസ്ഥയും ആക്രമണോത്സുകതയും നിയമവാഴ്‌ചപുലരുന്ന നാട്ടിൽ വച്ചുപൊറുപ്പിക്കാനാവില്ല. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. നാടിന്റെ  സമാധാനാന്തരീക്ഷത്തിനും സ്വൈരജീവിതത്തിനും ഭംഗംവരുത്തും.  അതിനാൽ, നിയമസംവിധാനം ഇത്തരം പ്രവണത  മുളയിലേ നുള്ളണം. 
സംഭവം പൊലീസ്‌ ഫലപ്രദമായി അന്വേഷിക്കുന്നുണ്ട്‌. മർദനത്തിലും കുറ്റവിചാരണയിലും  പങ്കാളികളായ മുഴുവൻ പേരെയും നിയമത്തിന്‌ മുന്നിലെത്തിച്ച്‌ ശിക്ഷ ഉറപ്പാക്കണം. ആൾക്കൂട്ട ആക്രമണങ്ങളുടെ ആപത്ത്‌  സമൂഹം തിരിച്ചറിയണമെന്നും കുറ്റവാളികളെ  ഒറ്റപ്പെടുത്തണമെന്നും ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top