05 December Thursday

ടിന്റുവിന്റെ കുഞ്ഞനുജത്തി

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

ക്രിസ്റ്റീന ലൂക്ക

 

തേഞ്ഞിപ്പലം
മത്സരംകഴിഞ്ഞ് ഗ്രൗണ്ടിന് പുറത്തിറങ്ങിയ  ക്രിസ്റ്റീന ആദ്യം വിളിച്ചത് ചേച്ചിയെയാണ്. ലോങ്ജമ്പിൽ സ്വർണം കിട്ടിയെന്ന് പറഞ്ഞപ്പോൾ ചേച്ചിയുടെ വക അഭിനന്ദനം. ഒളിമ്പ്യൻ ടിന്റു ലൂക്കയുടെ അനിയത്തിയാണ് ക്രിസ്റ്റീന. അടുത്ത മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്‌ചവയ്ക്കണമെന്ന സ്നേഹോപദേശവും ടിന്റു  കുഞ്ഞനുജത്തിക്ക് നൽകി.
ചേച്ചിയെപോലെ രാജ്യത്തെ അറിയപ്പെടുന്ന കായികതാരമാകണം. അതാണ് ക്രിസ്റ്റീനയുടെ ആഗ്രഹം. ജില്ലാ കായികോത്സവത്തിന്റെ ആദ്യ ദിനത്തിൽ ജൂനിയർ പെൺകുട്ടികളുടെ ലോങ്ജമ്പിൽ സ്വർണവും ഹൈജമ്പിൽ വെള്ളിയും ക്രിസ്റ്റീന നേടി. 
വ്യാഴാഴ്‌ച ഇഷ്ട ഇനമായ ട്രിപ്പിൾ ജമ്പിൽ മത്സരിക്കാനിറങ്ങും. ലോങ്‌ജമ്പിൽ അനായാസമായിരുന്നു സ്വർണനേട്ടം. ആദ്യ ശ്രമത്തിൽ 4.88 മീറ്റർ താണ്ടി. രണ്ടാം ശ്രമത്തിൽ 4.90 ദൂരവും മൂന്നാം ശ്രമത്തിൽ 5.06 മീറ്ററിലേക്കും പറന്നിറങ്ങി. 
കണ്ണൂർ ചാവശേരി കുളത്തിങ്കൽ കെ ജെ ലൂക്കയുടെയും ലിസിയുടെയും മൂന്നാമത്തെ മകളായ ക്രിസ്റ്റീന മൂന്ന് വർഷംമുമ്പാണ്  കടകശേരി ഐഡിയൽ സ്കൂളിലെത്തിയത്. കഴിഞ്ഞ വർഷം ജില്ലയിൽ ട്രിപ്പിൾജമ്പിലും ഹൈജമ്പിലും സ്വർണവും ലോങ്ജമ്പിൽ വെള്ളിയും നേടി.
സംസ്ഥാനതലത്തിൽ മെഡൽ പ്രതീക്ഷിക്കുന്ന താരമാണ് ക്രിസ്റ്റീനയെന്ന്‌ പരിശീലകൻ നാദീഷ് ചാക്കോ പറഞ്ഞു. കഴിഞ്ഞ വർഷം സംസ്ഥാനതലത്തിൽ ട്രിപ്പിൾജമ്പിൽ നാലാംസ്ഥാനത്ത് എത്തിയിരുന്നു. ഈ വർഷം സംസ്ഥാനതലത്തിൽ മെഡൽ നേടാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും ക്രിസ്‌റ്റീന പറഞ്ഞു. ടിന്റു ഇപ്പോൾ സേലം റെയിൽവേ ഡിവിഷനിൽ സ്‌പോർട്‌സ്‌ ഓഫീസറാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top