22 September Tuesday

കവാടത്തിൽ കരുതലുമായി ‘ഇൻവിയ’

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
മലപ്പുറം
സ്ഥാപനത്തിലെത്തുന്നവരുടെ കൈകളിൽ‌ സാനിറ്റൈസർ പകരാനും വിവരശേഖരണം നടത്താനും വാതിൽക്കൽ നിൽക്കുന്നവർക്ക്‌ ആശ്വസിക്കാം. ശരീരോഷ്‌മാവ്‌ അളക്കാനും കോവിഡ്‌ പ്രോട്ടോകോൾ ഉറപ്പുവരുത്താനും കോവിഡ്‌ -19 സ്‌മാർട്ട് ടെർമിനൽ നിർമിച്ച്‌‌ മഞ്ചേരി പൂക്കൊളുത്തൂരുകാരനായ‌ യുവ എൻജിനിയർ മുഹമ്മദ്‌ സഹ്‌ൽ‌. 
നിർമിത ബുദ്ധി, മെഷീൻ ലേണിങ്, ഇന്റർനെറ്റ്‌ ഓഫ്‌ തിങ്‌‌സ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്‌ ‘ഇൻവിയ’ എന്ന്‌ പേരിട്ട ഉപകരണത്തിന്റെ പ്രവർത്തനം‌. കടയിലെത്തിയയാൾക്ക്‌ കോവിഡ്‌ ലക്ഷണമുണ്ടെങ്കിൽ ഓട്ടോമാറ്റിക് സിസ്റ്റംവഴി അധികൃതരെ വിവരമറിയിക്കും. ഒരേസമയം സ്ഥാപനം സന്ദർശിച്ചയാൾക്ക്‌ രോഗം സ്ഥിരീകരിച്ചാൽ ഉപഭോക്താക്കളുടെ മൊബൈലിലേക്ക്‌‌ ‘ഇൻവിയ’ സന്ദേശമയക്കും.
ആശുപത്രി, മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങൾക്ക്‌ അനുയോജ്യമായ രീതിയിലാണ്‌ രൂപകൽപ്പന. മുന്നിലെത്തുന്ന ആളോട്‌ ‘ഇൻവിയ’ സാനിറ്റൈസർ ഉപയോഗിച്ച്‌ കൈ വൃത്തിയാക്കാൻ പറയും. ഇത്‌ ചെയ്‌തുകഴിഞ്ഞാലുടൻ മൊബൈൽ നമ്പർ നൽകാൻ നിർദേശിക്കും. ശേഷം സ്‌ക്രീനിൽ ശരീരോഷ്‌മാവ്‌ തെളിയും. ആരും മുന്നിലില്ലാത്ത നേരം സ്ക്രീനിൽ മാസ്‌ക്‌ ധരിക്കേണ്ടതിനെയും ബ്രേക്ക്‌ ദ ചെയിനിനെയും കുറിച്ചുള്ള വീഡിയോ  പ്ലേയാകും. ശരീരത്തിന്റെ ചലനവും ഊഷ്‌മാവും രേഖപ്പെടുത്തുന്നതടക്കം നിരവധി സെൻസറുകൾ ഉപകരണത്തിലുണ്ട്‌. സന്ദർശന സമയവും വിവരങ്ങളും കംപ്യൂട്ടറിൽ രേഖപ്പെടുത്തും.
50,000 രൂപ ചെലവിലാണ്‌ ഉപകരണം നിർമിച്ചതെന്ന്‌ പ്രസ്‌ ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഉപകരണം പരിചയപ്പെടുത്തി സഹ്‌ൽ പറഞ്ഞു. മാസ്‌കില്ലാത്തവരെ കണ്ടാൽ മാസ്‌ക്‌ ധരിക്കാനുള്ള സന്ദേശമടക്കം നൽകാം. ‘ഇൻവിയ’യെക്കുറിച്ച്‌ അധികൃതരോട്‌ സംസാരിച്ചിട്ടുണ്ടെന്നും ഉടൻ ലോഞ്ച്‌ ചെയ്യാനാകുമെന്നും എൻജിനിയറിങ് ബിരുദധാരിയായ 24കാരൻ പറഞ്ഞു. .

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top