17 October Thursday
‘ഇ എം എസിന്റെ ലോകം’ ദേശീയ സെമിനാർ

അതിജീവന വിളക്കാകുമീ അമരസ‌്മരണ

സ്വന്തം ലേഖകൻUpdated: Friday Jun 14, 2019
 
കൊണ്ടോട്ടി
ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ നടത്തിയ ധൈഷണിക ഇടപെടലിലും സംഘപരിവാർ  അപകടത്തെക്കുറിച്ച‌് രാജ്യത്തിന‌് മുന്നറിയിപ്പ‌് നൽകി  വിടവാങ്ങിയ യുഗപ്രഭാവനായ ഇ എം എസിന്റെ സ‌്മരണ പുതുക്കി ദേശീയ സെമിനാറിന‌് തുടക്കമായി.  
തിരിച്ചടികളെ അതിജീവിക്കാനും തീവ്രവലതുപക്ഷ കടന്നാക്രമണത്തിനെതിരെ  ഇടതുപക്ഷ ബദൽ കെട്ടിപ്പടുക്കാനുമുള്ള ആശയപഠന, പ്രചാരണ പ്രവർത്തനങ്ങൾക്ക‌്  തൊഴിലാളി പ്രസ്ഥാനത്തിന്റെ ആശയസമര പന്ഥാവിലെന്നും  കെടാവിളക്കായ ആ അമരസ‌്മരണ ഇനിയും വെളിച്ചമേകും.  
ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിന‌് മുന്നോടിയായി വ്യാഴാഴ‌്ച രാവിലെ  മഹാകവി മോയിൻകുട്ടി വൈദ്യർ സ‌്മാരക ഓഡിറ്റോറിയത്തിൽ നടന്ന അനുസ‌്മരണ സമ്മേളനം സിപിഐ എം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ഉദ‌്ഘാടനംചെയ‌്തു. മാപ്പിളകലാ അക്കാദമി ചെയർമാൻ ടി കെ ഹംസ അധ്യക്ഷനായി. 
എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ‌് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ട്രഷറർ എൻ പ്രമോദ‌്ദാസ‌് സ്വാഗതവും കെ പി സന്തോഷ‌് നന്ദിയും  പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി പി വാസുദേവൻ, വേലായുധൻ വള്ളിക്കുന്ന‌്, വി എം  ഷൗക്കത്ത‌്, സി ദിവാകരൻ, വി പി അനിൽ, പ്രൊഫ. എം എം നാരായണൻ, വി പി സോമസുന്ദരൻ എന്നിവർ   സന്നിഹിതരായി. 
വൈകിട്ട‌് കലാഭവൻ സതീഷും സംഘവും  നാടൻപാട്ടും ഗാനമേളയും അവതരിപ്പിച്ചു. 
  വെള്ളി, ശനി ദിവസങ്ങളിൽ, സിനിമാ പ്രദർശനം, പ്രശ‌്നോത്തരി, ഉപന്യാസരചന തുടങ്ങി അനുബന്ധ പരിപാടികളുണ്ടാകും. വെള്ളിയാഴ്‌ച രാവിലെ 10 മുതൽ വൈദ്യർ അക്കാദമിയിലെ തിയറ്ററിലാണ്‌ചലച്ചിത്ര പ്രദർശനം. 
പ്രവേശനം സൗജന്യ പാസ് മുഖേനയാണ‌്. ശനിയാഴ‌്ച വിദ്യാർഥികൾക്കുവേണ്ടിയുള്ള ക്വിസ്, ഉപന്യാസ മത്സരം.  രാവിലെ 9.30ന് ക്വിസ് മത്സരം വൈദ്യർ അക്കാദമിയിൽ ആരംഭിക്കും. ഇ എം എസ് കേരള ചരിത്രം നവോത്ഥാനം എന്നീ വിഷയങ്ങൾ ബന്ധപ്പെടുത്തിയാണിത്‌. പകൽ 11ന് ഉപന്യാസ മത്സരം.
മൊറയൂർ ജിഎം ഓഡിറ്റോറിയത്തിൽ 16, 17 തീയതികളിലാണ‌് സെമിനാർ. 16ന‌് രാവിലെ പത്തിന‌് പൊളിറ്റ‌് ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻപിള്ള  സെമിനാർ ഉദ‌്ഘാടനംചെയ്യും. പൊളിറ്റ‌് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ വിജയരാഘവൻ, മന്ത്രി തോമസ‌് ഐസക്, സംസ്ഥാന കമ്മിറ്റി അംഗം സി എസ‌് സുജാത, മന്ത്രി കെ ടി ജലീൽ എന്നിവർ പ്രഭാഷണം നടത്തും. വൈകിട്ട‌് അഞ്ചിന‌് മുഖ്യമന്ത്രി പിണറായി വിജയൻ ഇ എം എസ‌് സ‌്മാരക പ്രഭാഷണം നടത്തും. 
  രണ്ടാംദിവസമായ 17ന‌് രാവിലെ പത്തിന‌് സെമിനാറിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ‌്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം ബി രാജേഷ‌്, സി പി നാരായണൻ, സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനൻ,  കാർത്തികേയൻ നായർ, കെ ഇ എൻ കുഞ്ഞഹമ്മദ‌്, അനിൽ ചേലേമ്പ്ര, സാക്ഷരതാ മിഷൻ ഡയറക്ടർ പി എസ‌് ശ്രീകല എന്നിവർ പ്രബന്ധം അവതരിപ്പിക്കും. ‘ഇന്ത്യൻ ഇടതുപക്ഷത്തിന്റെ വർത്തമാനം, ഭാവി’ എന്നതാണ് സെമിനാറിന്റെ മുഖ്യവിഷയം.
പ്രധാന വാർത്തകൾ
 Top