23 July Tuesday

മത്സ്യത്തൊഴിലാളികൾക്ക് കടാശ്വാസം: 3.67 ലക്ഷം അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

 

തിരൂർ
 കടാശ്വാസമായി 3,66,991 രൂപ അനുവദിക്കാൻ സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ ശുപാർശ. നാല് കേസുകളിലായാണിത‌്. ജസ്റ്റിസ് പി എസ് ഗോപിനാഥന്റെ അധ്യക്ഷതയിൽ തിരൂരിലായിരുന്നു സിറ്റിങ‌്.  2008 ഡിസംബർ 31 വരെ മത്സ്യത്തൊഴിലാളികൾ എടുത്ത വായ്പകൾക്കുകൂടി കടാശ്വാസം പരിഗണിക്കുന്നതിന്റെ  ഭാഗമായി നടന്ന സിറ്റിങ്ങിൽ ആകെ  40 കേസുകളിൽ തെളിവെടുത്തു. 
പരപ്പനങ്ങാടി സർവീസ് സഹകരണ ബാങ്കിൽനിന്നും 2.5 ലക്ഷം രൂപ വായ്പയെടുത്ത മത്സ്യത്തൊഴിലാളിക്ക് മുതലും പലിശ വിഹിതവുമായി 1,13,189 രൂപ കടാശ്വാസമായി നൽകാൻ കമീഷൻ ശുപാർശചെയ്തു. ബാക്കി മുതൽ കുടിശ്ശിക ആറുമാസ തവണകളായി അടയ്ക്കാൻ ഇരു കക്ഷികളുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചു.  രണ്ട് കേസുകളിൽ കാലഹരണപ്പെട്ട വായ്പയായതിനാൽ കടാശ്വാസത്തിന് അർഹമല്ല എന്നും കണ്ടെത്തി. വായ്പ തീർപ്പാക്കാൻ ബാങ്കിന് നിർദേശം നല്കി.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നെടുത്ത വിദ്യാഭ്യാസ വായ്പയിൽ കുടിശ്ശിക വരുന്ന  80,464 രൂപയിൽ 75,000 രൂപ കടാശ്വാസമായി അനുവദിക്കാൻ ശുപാർശചെയ്തു.  അരിയല്ലൂർ സർവീസ് സഹകരണ ബാങ്കിൽനിന്നും വായ്പയെടുത്ത മൂന്ന് മത്സ്യത്തൊഴിലാളികളുടെ വായ്പ കാലഹരണപ്പെട്ടതല്ല എന്ന് തീരുമാനിക്കുന്നതിനെതിരെ രേഖകൾ ഹാജരാക്കാനുണ്ടെന്ന എതിർകക്ഷിയുടെ അഭിപ്രായം കണക്കിലെടുത്ത്  സമയം അനുവദിച്ചു.  വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്കിൽനിന്നെടുത്ത വായ്പ കാലഹരണപ്പെട്ടതായി പ്രഖ്യാപിക്കുന്നതിന് എതിരെ രേഖകൾ ഹാജരാക്കാമെന്ന് ബാങ്ക് പ്രതിനിധി ബോധിപ്പിച്ചതിനാൽ സമയം അനുവദിച്ച് അടുത്ത സിറ്റിങ്ങിൽ പരിഗണിക്കാൻ മാറ്റി. കമീഷൻ അംഗം കൂട്ടായി ബഷീറും പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top