20 July Saturday

യുഡിഎഫ‌് പഞ്ചായത്ത‌് ഓഫീസ‌് മാർച്ചിൽ അക്രമം

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019

കല്ലേറിൽ പരിക്കേറ്റ നന്നംമുക്ക് പഞ്ചായത്തംഗം കെ കെ മണികണ്ഠനും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം ഇ വി അബ്ദുട്ടിയും

ചങ്ങരംകുളം

യുഡിഎഫ് നന്നംമുക്ക് പഞ്ചായത്തിലേക്ക് നടത്തിയ മാർച്ചിൽ അക്രമം.  കല്ലേറിൽ ജനപ്രതിനിധികളുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. സമരാനുകൂലികൾ പഞ്ചായത്ത് ഓഫീസിന്റെ ഗെയ്റ്റ് അടിച്ചുതകർത്തു. 
പരിക്കേറ്റ നന്നംമുക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ മണികണ്ഠൻ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം ഇ വി അബ്ദുട്ടി, മേച്ചിനാത്ത് പറമ്പിൽ ജ്യോതിഭാസ്, യു പി ഷാനി മൂക്കുതല എന്നിവരെ പരിക്കുകളോടെ ചങ്ങരംകുളം, എടപ്പാൾ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തംഗമായ കെ കെ മണികണ്ഠന് കൈക്കും പുറംഭാഗത്തുമാണ് പരിക്കേറ്റിട്ടുള്ളത്. കൈയിലെ പരിക്ക് സാരമുള്ളതിനാൽ അദ്ദേഹത്തെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗമായ ഇ വി അബ്ദുട്ടിക്ക് കവിളത്താണ് പരിക്കേറ്റിട്ടുള്ളത്.  ഏറിൽ കരിങ്കല്ല് കഷ്ണം മുഖത്തേക്ക് പതിഞ്ഞാണ് അദ്ദേഹത്തിന് പരിക്കേറ്റത്. പുതിയ റേഷൻ കാർഡിന് കുടുംബത്തോടൊപ്പം അപേക്ഷ നൽകാനെത്തിയതായിരുന്നു പള്ളിക്കര സ്വദേശിയായ ജ്യോതിഭാസ്. കുടുംബത്തെ പുറത്തുനിറുത്തി അപേക്ഷ നൽകി പഞ്ചായത്ത് ഓഫീസിൽനിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ കരിങ്കല്ല് കഷ്ണങ്ങൾ ജ്യോതിഭാസിന്റെ മുഖത്തും നെറ്റിയിലും തലയിലും പതിക്കുകയായിരുന്നു.  താടിയെല്ലിലും നെറ്റിയിലും മുറിവേറ്റിട്ടുണ്ട്. തിങ്കളാഴ്ച പകല്‍ 11.15ഓടെയാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി സത്യനെക്കുറിച്ച് ചില ആക്ഷേപം ഉയർന്നതിനെ തുടർന്ന് പാർടി നിർദേശപ്രകാരം അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. എന്നാൽ മെമ്പർ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. തിങ്കളാഴ്ച പഞ്ചായത്ത് ഭരണസമിതിയുടെ ബോർഡ് യോഗമായിരുന്നു. 
ഈ യോഗത്തിൽ പങ്കെടുക്കാനെത്തിയ ടി സത്യനെ യുഡിഎഫ് നേതാക്കളുടെ സാന്നിധ്യത്തിൽ പ്രവർത്തകർ തടഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ ഉണ്ടായത്. പഞ്ചായത്തംഗമായ ടി സത്യനെ തടയുന്നത് കണ്ട് മറ്റ് മെമ്പര്‍മാരും സഹപ്രവർത്തകരും ഓടിക്കൂടി വാക്കേറ്റവും കൈയാങ്കളിയുമായി. ഇതിനിടെ യുഡിഎഫ് പ്രവർത്തകർ പഞ്ചായത്തിന്റെ മുൻവശത്തെ ഗെയ്റ്റ് അടിച്ചുതകർത്തു. റോഡരികിൽ കിടന്നിരുന്ന കരിങ്കല്ല് കഷ്ണങ്ങളെടുത്ത് പഞ്ചായത്ത് ഓഫീസിലേക്കും മെമ്പര്‍മാർക്കുനേരെയും എറിഞ്ഞു. ഒടുവിൽ പൊലീസെത്തി ലാത്തിവീശിയാണ് അക്രമികളെ ഓടിച്ചത്. ബോർഡ് യോഗത്തിലേക്ക് എത്തിയ പഞ്ചായത്തംഗമായ ടി സത്യന് വേണ്ടത്ര സുരക്ഷയൊരുക്കാനും പൊലീസിന് കഴിഞ്ഞില്ല. ബോർഡ് യോഗത്തിനെത്തിയ തങ്ങളെ മർദിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗമായ കെ കെ മണികണ്ഠൻ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. 
പഞ്ചായത്തിന്റെ പൊതുമുതൽ നശിപ്പിച്ചവരെ കണ്ടെത്തി അർഹമായ ശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി കെ കെ രാജൻ ചങ്ങരംകുളം പൊലീസിന് പരാതി നൽകി.

 

പ്രധാന വാർത്തകൾ
 Top