21 August Wednesday

മറന്നു അലി​ഗഡ് സെന്ററിനെ

എ രാധാകൃഷ‌്ണൻUpdated: Sunday Apr 14, 2019
 
പെരിന്തൽമണ്ണ 
മുസ്ലിംലീഗ് എംപിമാരുടെ അനാസ്ഥയും കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരോധവും പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന അലിഗഡ് മലപ്പുറം കേന്ദ്രത്തെ അനാഥമാക്കി. ഏഴുവർഷം  പിന്നിട്ടിട്ടും ആദ്യം തുടങ്ങിയ കോഴ്സുകളല്ലാതെ പുതിയവ അനുവദിച്ചില്ല. സമർദംചെലുത്തി നേടിയെടുക്കാൻ ജില്ലയിൽനിന്നുള്ള എംപിമാരും പരിശ്രമിച്ചില്ല. 
ക്യാമ്പസിൽ എംബിഎ, എൽഎൽബി, ബിഎഡ് കോഴ്സുകളിലായി 370 കുട്ടികളാണ് പഠിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും ഉത്തരേന്ത്യക്കാരും ഇതര സംസ്ഥാനത്തുനിന്നുള്ളവരുമാണ‌്. കേരളത്തിലുള്ള കുട്ടികൾക്ക് ഒമ്പതാംക്ലാസുമുതൽ പ്രവേശനം  ആരംഭിക്കുമെന്ന‌് പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ അത‌് യാഥാർഥ്യമാക്കാനുള്ള ഒരുനീക്കവും എംപിമാരുടെ ഭാഗത്തുനിന്നുണ്ടായില്ല. 
2013 ഏപ്രിലിൽ 104 കോടി രൂപ അനുവദിച്ചതിൽ 60 കോടിയേ ഇതുവരെ കിട്ടിയിട്ടുള്ളൂ. 
അതുപയോഗിച്ചാണ‌് കെട്ടിടവും ചുറ്റുമതിലും പരിമിതമായ സൗകര്യങ്ങളും ഒരുക്കിയതും  ജീവനക്കാരുടെ ശമ്പളം നൽകിയതും. ബാക്കി തുക ലാപ‌്സായെന്നാണ‌് അറിയുന്നത‌്. നേരത്തെ അനുവദിച്ച തുകയിൽ കഷ്ടിച്ച‌് രണ്ടുമാസത്തെ ശമ്പളമെടുക്കാനുള്ള പണംകൂടിയേ ബാക്കിയുള്ളൂ. ഈ നില തുടർന്നാൽ കേന്ദ്രം പൂട്ടേണ്ട സ്ഥിതിയുംവരും. പുതിയ പ്രൊപ്പോസൽ സമർപ്പിച്ച് അനുമതി ലഭിച്ചാലെ ഇനി സ്ഥാപനം രക്ഷപ്പെടൂ. 
 
 
യാഥാർഥ്യമാക്കിയത‌് 
എൽഡിഎഫ‌് സർക്കാർ 
അലിഗഡ് മുസ്ലിം സർവകലാശാലയുടെ മലപ്പുറം ഓഫ് ക്യാമ്പസ് യാഥാർഥ്യമാക്കിയത് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരാണ്. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര സർവകലാശാലകളും ഉപകേന്ദ്രങ്ങളും ആരംഭിക്കാൻ യുപിഎ സർക്കാർ തീരുമാനിച്ചത‌്. ഈ പശ്ചാത്തലത്തിലാണ് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി സെന്റർ കേരളത്തിൽ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി കേന്ദ്രമാനവ വിഭവശേഷി മന്ത്രി അർജുൻസിങ്ങിനും സർവകലാശാലക്കും നിവേദനം നൽകിയത്. കേന്ദ്രം ആരംഭിക്കുന്നതുസംബന്ധിച്ച് മാനവവിഭവശേഷി മന്ത്രാലയം 2007 ഒക്ടോബർ 23ന് സംസ്ഥാന സർക്കാരിന് അറിയിപ്പ് നൽകി. മന്ത്രി എം എ ബേബിയും കേന്ദ്ര സഹമന്ത്രി എം എ എ ഫാത്ത്മിയുമായി നടത്തിയ ചർച്ചയെ തുടർന്നായിരുന്നു തീരുമാനം. അലിഗഡ് സർവകലാശാലാ വൈസ് ചാൻസലർ പി കെ അബ്ദുൽ അസീസ് കേരള ചീഫ് സെക്രട്ടറിക്ക്  അയച്ച കത്തിൽ കേരള സർക്കാരിന്റെ നടപടിയെ പ്രകീർത്തിക്കുന്നുണ്ട‌്. 
ക്യാമ്പസ് മലപ്പുറം ജില്ലയിൽ സ്ഥാപിക്കണമെന്നും അതിന് ആവശ്യമായ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഒരുക്കുമെന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു. അത് പാണക്കാട് വില്ലേജിൽ വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് സ്ഥാപിക്കണമെന്ന ആവശ്യവുമായി മുസ്ലിംലീഗ് നേതൃത്വം രംഗത്തെത്തി. ഈ സ്ഥലം യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്പോർട്സ് ആവശ്യത്തിന് അനുവദിക്കണമെന്ന് മലപ്പുറം നഗരസഭ ആവശ്യപ്പെട്ടിരുന്നു.  അത് മറ്റൊരാവശ്യത്തിനും അനുവദിക്കാൻ കഴിയില്ലെന്നും അന്ന് വ്യവസായ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസ‌് അറിയിച്ചതാണ‌്. സത്യം മറച്ചുവച്ചായിരുന്നു ലീഗിന്റെ കുപ്രചാരണം. 
 അലിഗഡ് സെന്റർ സ്ഥാപിക്കാൻ പെരിന്തൽമണ്ണ ചേലാമലയിൽ  സ്ഥലം ലഭ്യമാണെന്ന് കാണിച്ച് എംഎൽഎ വി ശശികുമാർ മുഖ്യമന്ത്രി, റവന്യു മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് നിവേദനം നൽകി. 
ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ  കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കലക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  മന്ത്രിസഭാ യോഗം ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിൽ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചു. കേവലം 16 മാസംകൊണ്ടാണ് 343 ഏക്കർ ഭൂമി 285 ഭൂ ഉടമകളിൽനിന്നും 42.45 കോടി രൂപ നൽകി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് സർവകലാശാലക്ക് കൈമാറിയത്.
2011ന് ഫെബ്രുവരി 28നാണ് താൽക്കാലിക സംവിധാനത്തിൽ പെരിന്തൽമണ്ണ നഗരമധ്യത്തിൽതന്നെ ക്ലാസുകളും ഹോസ്റ്റലും ഏർപ്പെടുത്തിയാണ് ക്യാമ്പസ് പ്രവർത്തനമാരംഭിച്ചത്. 2012 ഡിസംബർ 24ന് താൽക്കാലിക കെട്ടിടങ്ങളിൽ ക്ലാസ‌് തുടങ്ങി. 
സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ ബജറ്റിൽ അലിഗഡ് കേന്ദ്രത്തിലേയും പെരിന്തൽമണ്ണ നഗരസഭയിലേയും കുടിവെള്ളക്ഷാമം പരിഹരിക്കാനായി 90 കോടി രൂപ മുടക്കിൽ രാമഞ്ചാടി ശുദ്ധജല വിതരണ പദ്ധതി ആവിഷ‌്കരിച്ചു. ചെറുകരയിൽനിന്ന‌് ക്യാമ്പസിലേക്ക് 30 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിന്റെ പ്രവൃത്തി വേഗത്തിലാക്കാൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇടപെട്ട് ബന്ധപ്പെട്ടവരുടെ യോഗംവിളിച്ച‌് തടസ്സംനീക്കി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top