കോട്ടക്കൽ
ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന മൂന്നേകാൽ കോടിയുടെ (3,25,40,400) കുഴൽപ്പണവും ഇത് തട്ടിയെടുക്കാനെത്തിയ ക്വട്ടേഷൻ സംഘവും പൊലീസ് കസ്റ്റഡിയിൽ. ക്വട്ടേഷൻ നൽകിയ സംഘത്തിന്റെ വാഹനമിടിച്ചുമറിഞ്ഞ ഓട്ടോയിൽനിന്ന് അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ റോഡിൽ വീണതോടെ നാട്ടുകാർ ഓടിക്കൂടി. പണം തട്ടിയെടുക്കാൻ ഓട്ടോയിൽ കയറിയ രണ്ടുപേർ പിടിയിലായെങ്കിലും നോട്ടുകെട്ടുമായി എത്തിയ ഓട്ടോ ഡ്രൈവറെ ക്വട്ടേഷൻ നൽകിയ സംഘം കാറിൽ കടത്തി. താനൂർ സ്വദേശികളായ ഷഫീഖ്, ഇസ്മായിൽ എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായവരെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.
വ്യാഴാഴ്ച രാവിലെ എട്ടരയോടെ പെരിന്തൽമണ്ണ- കോട്ടക്കൽ റോഡിലെ വലിയപറമ്പിലാണ് നാടകീയ സംഭവം നടന്നത്. ഓട്ടോ ഡ്രൈവറെ ആക്രമിച്ച് കുഴൽപ്പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് കാർ ഓട്ടോയിൽ ഇടിച്ചത്. ഓട്ടോ മറിഞ്ഞ് നോട്ടുകെട്ടുകൾ റോഡിൽ വീണതോടെ ആസൂത്രണംപൊളിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന യുവാക്കൾ പണം നിറച്ച ചാക്കുകളുമായി ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നത് കണ്ട നാട്ടുകാർ അവരെ തടഞ്ഞ് പൊലീസിനെ വിവരമറിച്ചു. ക്വട്ടേഷൻ നൽകിയ സംഘം ഇതിനിടെ ഓട്ടോ ഡ്രൈവറെ കാറിൽ കയറ്റിക്കൊണ്ടുപോയി.
ഓട്ടോയിൽ കൊണ്ടുവരുന്ന കുഴൽപ്പണം തട്ടിയെടുത്ത് നൽകിയാൽ 30 ലക്ഷം രൂപ കിട്ടുമെന്ന് പിടിയിലായവർ പൊലീസിന് മൊഴി നൽകി. പണം കൊണ്ടുവരുന്ന റൂട്ട് ഇവർക്ക് നേരത്തെ കൈമാറിയിരുന്നു. അതുപ്രകാരമാണ് സ്കൂട്ടറിൽ രണ്ട് പേരും വലിയപറമ്പ് ഇറക്കത്തിലെത്തി കാത്തുനിന്നത്. ഓട്ടോ വന്നതോടെ കൈകാണിച്ച് നിർത്തിച്ചു. ഉടൻ ഓട്ടോ ഡ്രൈവറെ പുറത്തേക്ക് വലിച്ചിട്ട് ഓട്ടോയുമായി കടക്കാനായിരുന്നു ശ്രമം. ക്വട്ടേഷൻ നൽകിയ സംഘം പിന്നാലെയുണ്ടായിരുന്നു. എന്നാൽ ഇവർ സഞ്ചരിച്ച കാർ ഇടിച്ച് ഓട്ടോ മറിഞ്ഞു.
ഡ്രൈവറെ പുറത്തിട്ട് ഓട്ടോയുമായി രക്ഷപ്പെടാനും വഴിയിൽനിന്ന് കാറിൽ കയറാനുമായിരുന്നു ക്വട്ടേഷൻ ധാരണ. അപകടം സംഭവിച്ചതോടെ കണക്കുകൂട്ടലുകൾ പിഴച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ ഡ്രൈവറുടെ സീറ്റിനടിയിലെ പ്രത്യേക അറയിൽനിന്ന് ചാക്ക് നിറയെ പണം കണ്ടെത്തി. കോട്ടക്കൽ സിഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുൽകരീം അറിയിച്ചു. തിരൂർ ഡിവൈഎസ് പി സജി അലക്സാണ്ടറിനാണ് അന്വേഷണ ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..