05 July Tuesday

വി എസ് പകർന്നു, പോരാട്ടത്തിന്റെ താളം

ജോബിൻസ‌് ഐസക‌്Updated: Saturday Apr 13, 2019
 
മലപ്പുറം 
കേൾവിക്കാരുടെ മുഖങ്ങളിൽ  മിന്നിമായുന്ന ഭാവങ്ങൾ കണ്ടാലറിയാം വേദിയിൽ സംസാരിക്കുന്ന നേതാവ‌് വി എസ‌് ആണെന്ന‌്. നീട്ടിയും കുറുക്കിയുമുള്ള ആ ഹ്രസ്വസംസാരത്തിലെ  ഉയർച്ച താഴ‌്ചകളും ഉൾപിരിവുകളും ആശയഗാംഭീര്യവുമെല്ലാം അവരുടെ മുഖങ്ങളിലെ ഭാവവൈവിധ്യങ്ങളിൽ സ‌്പഷ‌്ടം. കുട്ടനാടിന്റെ ജീവതാളം തുടിക്കുന്ന ആ വാക്കുകളെ പടപ്പാട്ടുകൾ നിറഞ്ഞ മലപ്പുറം കാതോട് കാതുചേർത്തു. ഏറനാടിന്റെ സമര പൈതൃകം നിറഞ്ഞ വീരഭൂമി പുന്നപ്രയുടെ പടനായകനെ കാത്തിരിക്കുകയായിരുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച‌് ഭരിക്കുന്ന ചൗക്കീദാരുടെയും കൂട്ടരുടെയും കള്ളക്കളികൾ തന്റെ സ്വതസിദ്ധമായ ശൈലിയിൽ വി എസ‌് ഭംഗിയായി അവതരിപ്പിച്ചു. മുന്നറിയിപ്പ‌് നൽകി. ‘എതിർസ്ഥാനാർഥിയെക്കുറിച്ച‌്  ഞാൻ ഒന്നും പറയുന്നില്ല’  വാചകത്തിലുണ്ട‌് എല്ലാം. 
‘മലപ്പുറത്ത് ഇടതുപക്ഷ സ്ഥാനാർഥിയായി വോട്ടുതേടുന്നത‌് വി പി സാനുവാണ‌്. അരിവാൾ ചുറ്റിക നക്ഷത്രമാണ‌് അടയാളം. എസ‌്എഫ‌്ഐയുടെ ദേശീയ പ്രസിഡന്റായ ഈ ചെറുപ്പക്കാരൻ മലപ്പുറത്ത‌് കളം നിറഞ്ഞുകഴിഞ്ഞു. അതിനാൽ കൂടുതൽ പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യമില്ല ’. വി എസിന്റെ വാക്കുകൾ ഹർഷാരവത്തോടെയാണ് ജനം ഏറ്റുവാങ്ങിയത‌്.  മതനിരപേക്ഷതയും ഭരണഘടനാമൂല്യങ്ങളും കാക്കാൻ  രാജ്യത്തെ ചെങ്കൊടി പ്രസ്ഥാനത്തിന്റെ പുതിയ പോരാട്ടത്തിന‌്  ഏറ്റവും മുതിർന്ന നേതാവ‌്  അതിന്റെ ഇളംമുറക്കാരനെ കൈപിടിച്ചുയർത്തുമ്പോൾ സാക്ഷിയായി മലപ്പുറത്തിന്റെ സ്വന്തം പാലോളി മുഹമ്മദ്കുട്ടി അരികെ. ഇടതുപക്ഷം അങ്ങനെയാണ‌്.  ഓരോ  തെരഞ്ഞെടുപ്പും ആ പ്രസ്ഥാനത്തിന‌് ഓരോ രാഷ‌്ട്രീയ സമരമാണ‌്. അത് തെളിയിക്കുകയായിരുന്നു തലമുറകളുടെ സംഗമമായ പൊതുയോഗ വേദി.  
"ആലി ബാവയും  കള്ളന്മാരും എന്ന മട്ടിൽ ഒരു കൊള്ളസംഘമാണ‌് ഇന്ത്യയിൽ പ്രവർത്തിക്കുന്നത‌്. ഞാൻ കള്ളനാണ‌് എന്ന‌് അഭിമാനബോധത്തോടെ പറയുന്ന നേതാവും  ഞങ്ങളും കള്ളന്മാരാണ‌് എന്ന‌് സ്വയം വിശേഷിപ്പിക്കുന്ന ശിങ്കിടികളുംകൂടി ഇന്ത്യയെ കുട്ടിച്ചോറാക്കുകയാണ‌്. ബീഫ‌് തിന്നതിന്റെ പേരിൽ, സവർണരുടെ കിണറ്റിൽനിന്ന‌് വെള്ളം കുടിച്ചതിന്റെ പേരിൽ  ദളിതരെയും ഇതര മതസ്ഥരെയും തെരുവിൽ തല്ലിക്കൊല്ലുന്നതിന്റെ ഭീകര ദൃശ്യങ്ങൾ നാം കണ്ടതാണ‌്'. തുളച്ചുകയറുകയാണ‌് വി എസിന്റെ വാക്കുകൾ.  നവോത്ഥാനത്തിന്റെ സായന്തനംമുതൽ ആധുനിക കാലംവരെ നീണ്ട കേരളത്തിന്റെ സാമൂഹ്യ, രാഷ‌്ട്രീയ  പരിണാമങ്ങൾക്ക് സാക്ഷിയായ ആ സമര ജീവിതത്തോടൊപ്പം ചേർന്ന അനുഭവങ്ങൾ കരുത്താക്കിയാണ‌് പുതിയ കാലത്തേക്കുള്ള കേരളത്തിന്റെ അതിജീവനത്തിന‌് വി എസ‌് കരുത്തുപകരുന്നത‌്.  എട്ട് പതിറ്റാറ്റോണ്ടളം നീണ്ട പൊതു പ്രവർത്തത്തിന്റെ അനുഭവ സമ്പത്തിനെ കരുത്താക്കിയാണ് അദ്ദേഹത്തിന്റെ പ്രസംഗം. 
യോഗത്തിൽ സി എച്ച് നൗഷാദ്‌ അധ്യക്ഷനായി‌. എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ, മന്ത്രി കെ ടി ജലീൽ, ഐഎൻഎൽ സംസ്ഥാന കൗണ്‍സില്‍ അം​ഗം കെ പി ഇസ‌്മയിൽ, സ്ഥാനാർഥി വി പി സാനു  എന്നിവർ സംസാരിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടി,  എൽഡിഎഫ‌് നേതാക്കളായ  ഇ എൻ മോഹൻദാസ‌്, പി പി വാസുദേവൻ, ടി കെ ഹംസ, അഡ്വ. കെ മോഹൻദാസ‌്, പി മുഹമ്മദലി, കവറൊടി മുഹമ്മദ‌്, സബാഹ‌് പുൽപ്പറ്റ, അഡ്വ. കെ പി സുമതി, ബാബു കാർത്തികേയൻ, കെ ടി ജോണി, രാമനാഥൻ എന്നിവർ സന്നിഹിതരായി. കുട്ടികളായ റിസ‌് വാന വടക്കനും അർജുനും വരച്ച ചിത്രങ്ങൾ ഇരുവരും വി എസിനും സ്ഥാനാർഥി സാനുവിനും കൈമാറി. 
പുരാേഗമന കലാസാഹിത്യ സംഘത്തിന്റെ ബിരിയാണി ചെമ്പ‌് എന്ന നാടകവും തീപ്പാട്ട് സംഘത്തിന്റെ കലാപരിപാടികളും അരങ്ങേറി. കെ മജ്നു സ്വാ​ഗതവും മുജീബ് ഹസന്‍ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top