12 December Thursday

ശാന്തയ്ക്ക്‌ വീട്‌ ഇനിയൊരു സ്വപ്‌നമല്ല

സ്വന്തം ലേഖകൻUpdated: Tuesday Nov 12, 2019

ലൈഫ് പദ്ധതിയിൽ ശാന്തയ്ക്ക്‌ നിർമിച്ച വീട്

പൊന്നാനി 
ഈശ്വരമംഗലം വെങ്ങരം വളപ്പിൽ ശാന്തയ്ക്ക്‌ വീട്‌ ഇനിയൊരു സ്വപ്‌നമല്ല.  ഏറെക്കാലത്തെ ആ സ്വപ്‌നം ഇന്ന്‌ യഥാർഥ്യമായി. എൽഡിഎഫ്‌ സർക്കാരും നഗരസഭയുമാണ്‌ ശാന്തയുടെയും കുടുംബത്തിന്റെയും ജീവിതത്തിൽ വെളിച്ചമായത്‌.
കുടുംബസ്വത്തിൽ നാല് സെന്റ് ഭൂമി ഭാഗം കിട്ടിയതിൽ തറ കെട്ടി വീട്‌ പണിയാനിരിക്കെ കൽപ്പണിക്കാരനായ ഭർത്താവ്‌ ബാബുരാജ്‌ ബൈക്കപകടത്തിൽപ്പെട്ടതാണ്‌ വീടെന്ന സ്വപ്‌നം പൊലിച്ചത്‌.
നാലുവർഷം മുമ്പായിരുന്നു അപകടം. നാല് മാസം അമല ആശുപത്രിയിൽ ചികിത്സയിൽ. കാലിനും കൈയ്ക്കും സ്റ്റീൽ ഇട്ടതോടെ ജോലി ചെയ്യാൻ കഴിയാതായി. ശാന്ത വീട്ടുജോലി ചെയ്‌താണ്‌ കുടുംബം പോറ്റിയത്‌. വീട്‌ സ്വപ്‌നം മാത്രമായി അവശേഷിച്ചു. ഈ സമയത്താണ്‌ സംസ്ഥാന സർക്കാരും നഗരസഭയും തുണയായത്‌. പിഎംഎവൈ- ലൈഫ് പദ്ധതി പ്രകാരം നാല് ലക്ഷം രൂപയും തൊഴിലുറപ്പ് ഇനത്തിൽ നഗരസഭ നൽകിയ 27,000 രൂപയും ബാക്കി തുക വായ്‌പയെടുത്തുമാണ്‌ 650 സ്ക്വയർ ഫീറ്റിൽ വീട്‌ പണിതത്‌. 
വർഷങ്ങളോളം നീണ്ട വാടകവീട് ജിവിതത്തിൽനിന്ന് മുക്തരാക്കിയ പൊന്നാനി നഗരസഭയോടും കൗൺസിലർ വി വി സുഹ്റയോടും പറഞ്ഞാൽ തീരാത്ത നന്ദിയുണ്ടെന്ന്‌ ശാന്തയും കുടുംബവും പറയുന്നു.
പ്രധാന വാർത്തകൾ
 Top