19 June Wednesday

ഭവനമുയർത്താൻ ‘മാലാഖ’

സ്വന്തം ലേഖകൻUpdated: Tuesday Feb 12, 2019

‘മാലാഖ' സൊല്യൂഷൻസ് ശില്‍പ്പശാല നഗരസഭാ ചെയർമാൻ എം മുഹമ്മദ് സലീം ഉദ‌്ഘാടനം ചെയ്യുന്നു

 
പെരിന്തൽമണ്ണ
നഗരസഭയിലെ കുടുംബശ്രീ പ്രവർത്തകർ നിർമാണരംഗത്തേക്ക‌്. സിഡിഎസ് 50 വനിതകളെ ഉൾപ്പെടുത്തി  രൂപീകരിച്ച ‘മാലാഖ സൊല്യൂഷൻസ് ലേബർ കോൺട്രാക്ട് ആൻഡ് സൂപ്പർവൈസേഴ്സ്’ സംരംഭക ഗ്രൂപ്പിന്റേതാണ‌് പുതിയ കാൽവയ്പ്. ഇതിന്റെ ഭാഗമായുള്ള അഞ്ചുദിവസത്തെ നൈപുണ്യ ശില്‍പ്പശാല തിങ്കളാഴ‌്ച തുടങ്ങി. വിശദപദ്ധതിരേഖ, പ്ലാൻ, എസ്റ്റിമേറ്റ്, നിർമാണം, മേൽനോട്ടം തുടങ്ങി പ്രവൃത്തികൾ മൊത്തത്തിൽ കരാറെടുക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മാതൃകയിലുള്ള  സംരംഭക ഗ്രൂപ്പായാണ് മാലാഖ സൊല്യൂഷൻസ് പ്രവർത്തിക്കുക. ഒരു മേഖലയിൽനിന്ന്  10 വനിതാ സംരംഭകരുള്ള  അഞ്ച് ഗ്രൂപ്പായാണ‌് ‘മാലാഖ’ രൂപീകരിച്ചത്. കേന്ദ്രീകൃത പ്രവർത്തനത്തിനായി ഓരോ ഗ്രൂപ്പിലേയും  സെക്രട്ടറി, പ്രസിഡന്റ‌് എന്നിവരടങ്ങുന്ന നഗരസഭാതല കൺസോർഷ്യം രൂപീകരിച്ചു. ഓഫീസ് ചുമതലക്കായി എംബിഎ ബിരുദധാരിയെ ജനറൽ മാനേജർ തസ്തികയിൽ നിയമിച്ചു. ഗ്രൂപ്പ് അംഗങ്ങൾക്ക് വിവിധ ഡിപ്പാർട്ട്മെന്റ് ഡയറക്ടർമാരായി ചുമതല നൽകി. അതിനുതാഴെ 10 എന്‍ജിനിയർമാരടങ്ങുന്ന ടെക്നിക്കൽ വിങ്ങും 200 തൊഴിലാളികളടങ്ങുന്ന ലേബർ വിങ്ങും സജ്ജമാക്കി. നിർമാണ ഉപകരണങ്ങൾ,  വസ്തുക്കൾ എന്നിവ ലഭ്യമാക്കാൻ പ്രമുഖ കമ്പനികളുമായി കരാറുണ്ടാക്കി. വനിതാ വികസന കോർപറേഷൻ കുറഞ്ഞ പലിശയിൽ നൽകുന്ന 50 ലക്ഷം രൂപ വായ‌്പയാണ‌് മൂലധനം.
മനഴി ബസ് സ്റ്റാൻഡ‌് ഓഡിറ്റോറിയത്തിൽ തൃശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ സി ബി ജയപ്രകാശിന്റെ നേതൃത്വത്തിലാണ‌് പരിശീലനം. ശില്‍പ്പശാല നഗരസഭാ ചെയർമാൻ എം മുഹമ്മദ് സലീം ഉദ‌്ഘാടനംചെയ്തു.
എൻ ബിനിദ അധ്യക്ഷയായി. നിഷി അനിൽരാജ്, രതി അല്ലക്കാട്ടിൽ, എം പ്രേമ, ജയ മഠത്തിൽ എന്നിവർ സംസാരിച്ചു. എ കെ ലൈല സ്വാഗതവും പി ഇന്ദു നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top