08 December Sunday

മതേതരത്വത്തിന്റെ മധുരം

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

കൂമൻകുളം സെന്റ്‌മേരീസ്‌ പള്ളിവികാരി ഫാ. ജോർജ്‌ വെള്ളാരംകാലിലിന്റെ നേതൃത്വത്തിൽ നബിദിന റാലിക്ക്‌ സ്വീകരണം നൽകിയപ്പോൾ

 

തിരൂർ
നബിദിനറാലിക്ക് മധുരം നൽകി പുറത്തൂർ പടിഞ്ഞാറെക്കര ഗോമുഖം ശിവക്ഷേത്ര കമ്മിറ്റി. ക്ഷേത്ര പരിസരത്ത് നബിദിനറാലിക്ക് സ്വീകരണം ഒരുക്കിയാണ്‌ കുട്ടികൾക്ക് മധുരം നൽകിയത്. 
പടിഞ്ഞാറെക്കര മിഫ് താഹൂൽ ഇസ്ലാം മദ്രസ, നൂറുൽ ഹുദാ മദ്രസ, രിഫാഈ മദ്രസ എന്നിവയാണ്‌  ഘോഷയാത്ര നടത്തിയത്.
 പരിപാടിക്ക്‌ ഭാരവാഹികളായവി വി സുരേഷ്, പി രവി, പി വാസു, കെ എസ്  സജി, കെ പ്രസാദ്  എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ വർഷവും ക്ഷേത്ര കമ്മിറ്റി നേതൃത്വത്തിൽ നബിദിന ഘോഷയാത്രകൾക്ക് ഇവിടെ സ്വീകരണം നൽകിയിരുന്നു.
പായസം നൽകി 
ക്ഷേത്ര കമ്മിറ്റി
കൊണ്ടോട്ടി
നബിദിനറാലിക്ക് പായസം വിതരണം ചെയ്‌ത്‌ ക്ഷേത്ര കമ്മറ്റി. കിഴിശേരി പുല്ലഞ്ചേരി നുസ്രത്തുൽ ഇസ്ലാം മദ്രസയുടെ നേതൃത്തത്തിൽ നടത്തിയ നബിദിന റാലിക്ക് പുല്ലഞ്ചേരി വിഷ്‌ണു ക്ഷേത്ര കമ്മിറ്റി പായസം വിതരണം ചെയ്‌തു. 
പുല്ലഞ്ചേരിയിൽ റാലി ക്ഷേത്ര ഭാരവാഹികൾ സ്വീകരിച്ചു. 
 
പള്ളിക്കുമുന്നിൽ സ്വീകരണം നൽകി 
മഞ്ചേരി
കൂമൻകുളം സെ. മേരീസ്‌ പള്ളി ഇടവക കമ്മിറ്റി നബിദിന റാലിക്ക്‌ വരവേൽപ് നൽകി. പള്ളിക്കുമുന്നിൽ റാലി എത്തിയപ്പോൾ ഇടവക വികാരി ഫാ. ജോർജ്‌ വെള്ളാരംകാലിലിന്റെ നേതൃത്വത്തിൽ മധുരം നൽകി സ്വീകരിച്ചു. വേദപാഠം ഹെഡ്‌മാസ്‌റ്റർ  ജോർജ്‌ കലയത്തോലിൽ, മാത്യു  കലയത്തോലിൽ, പിടിഎ കമ്മിറ്റി അംഗം സിനു പാറത്താനം, ബിനു പാറത്താനം എന്നിവർ സംസാരിച്ചു.  കൂമൻകുളം ജുമാ മസ്‌ജിദ്‌ ഖതീബ്‌ അലി അസ്‌കർ ഫൈസിയുടെ നേതൃത്വത്തിലായിരുന്നു റാലി.
പ്രധാന വാർത്തകൾ
 Top