20 September Friday

വിപണികളെ സജീവമാക്കി ഉത്രാടപ്പാച്ചിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

 മലപ്പുറം

തിരുവോണത്തിന് അവസാന തയ്യാറെടുപ്പിനായി ഉത്രാടനാളിൽ ജനം പുറത്തിറങ്ങിയത് ഓണവിപണികളെ സജീവമാക്കി.  മഴമാറി  വെയിൽ പരന്നതോടെ തിരക്ക് രാത്രിവരെ നീണ്ടു. ഓണക്കോടിയും പച്ചക്കറിയും പൂക്കളുമെല്ലാം വാങ്ങാനെത്തുന്നവരുടെ തിരക്കായിരുന്നു എല്ലായിടത്തും. സർക്കാർ  വിപണന മേളകളിലൂടെ  പൊതുവിപണിയിലെ വിലക്കയറ്റം തടയാനായി. അത്തം നാളിൽ തുടങ്ങിയ സപ്ലൈകോ, കൺസ്യൂമർ ഫെഡ്, കൃഷി വകുപ്പ് ഓണവിപണികളിൽ അവസാനദിവസം വലിയ തിരക്കായിരുന്നു. 10 മുതൽ 40 ശതമാനംവരെ വിലക്കുറവിൽ സാധനങ്ങൾ  ലഭിച്ചത്  പ്രളയ പഞ്ചാത്തലത്തിൽ ആശ്വാസമായി. 
വസ്ത്ര വിപണിയിൽ മുൻവർഷത്തിന് വിപരീതമായി വലിയ തിരക്കായിരുന്നു.  പുരുഷ വസ്ത്ര വിപണിയിലായിരുന്നു തിരക്കേറെ. തിരുവോണം പ്രമാണിച്ച് ചില കടകളിൽ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചതും കച്ചവടം ഇരട്ടിയാക്കി.  
 ചുരുക്കം ചില സാധനങ്ങളുടെ വില ഒഴിച്ചാൽ പച്ചക്കറികൾക്ക് വിലക്കുറവായിരുന്നു.  രാവിലെ ഏഴുമുതൽ കൃഷിവകുപ്പിന്റെ പച്ചക്കറി ഓണം മേളകൾക്കുമുന്നിൽ വരിയാരംഭിച്ചിരുന്നു.  കർഷകരിൽനിന്ന് നേരിട്ടെടുത്ത് പച്ചക്കറികൾ 40 ശതമാനത്തോളം വിലക്കുറവിലായിരുന്നു അവസാന ദിവസം മേളകളിൽ വിറ്റത്‌. ഓഫറുകളും ആനുകൂല്യങ്ങളും  ​ഗൃഹോപകരണ വിപണിയിലും കച്ചവടം ഇരട്ടിയാക്കി. പൂ വിപണിയിലും വലിയ തിരക്കായിരുന്നു. മൊത്തമായും ചില്ലറയായും വിലകുറച്ചായിരുന്നു വിൽപ്പന. വഴിയോരങ്ങളിൽ വിവിധ പൂക്കളടങ്ങിയ സഞ്ചികൾ 10 രൂപമുതൽ 100 രൂപവരെ വിറ്റു.  വഴിയോര കച്ചവടങ്ങളും ഉത്രാടനാളിൽ സജീവമായിരുന്നു.
പ്രധാന വാർത്തകൾ
 Top