21 August Wednesday

ട്രെയിനുകൾ കാണാം, നിർത്തില്ല

പി പ്രശാന്ത‌്കുമാർUpdated: Monday Feb 11, 2019

പരപ്പനങ്ങാടി റെയിൽവേ സ്‌റ്റേഷൻ

ആദർശ‌് സ‌്റ്റേഷനാണ‌് പരപ്പനങ്ങാടി.  കലിക്കറ്റ് സർവകലാശാലയും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചേളാരി ഫില്ലിങ‌് യൂണിറ്റും മമ്പുറം മഖാമും കളിയാട്ടക്കാവുമൊക്കെ അരികെ നിൽക്കുന്ന പരപ്പനങ്ങാടി റെയിൽവേ  സ്റ്റേഷന് പക്ഷേ,  വികസനം ഇന്നും അന്യം. 
അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും നിർത്താത്ത വണ്ടികളും യാത്രക്കാർക്ക്  സമ്മാനിക്കുന്നത‌്  ദുരിതംമാത്രം. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുന്നിലാണെങ്കിലും കേന്ദ്ര അവഗണനക്കൊപ്പം  എംപിയുടെ അശ്രദ്ധയും പരപ്പനങ്ങാടിയെ റെയിൽവേ ഭൂപടത്തിൽ ഇരുണ്ട അടയാളമാക്കി.  
ദീർഘദൂര ട്രെയിനുകൾചീറിപ്പായുന്നത‌് കാണാൻ മാത്രം വിധിക്കപ്പെട്ടവരാണ‌് പരപ്പനങ്ങാടിയിലെ യാത്രക്കാർ. ഈ ട്രെയിനുകളിൽ കയറി യാത്രചെയ്യണമെങ്കിൽ തിരൂരോ, കോഴിക്കോടോ പോകണം. പരപ്പനങ്ങാടിയിൽ നിർത്താത്ത ട്രെയിനുകളിൽ പ്രധാനമാണ് യശ്വന്ത്പുർ എക്സ്പ്രസ്. വിദ്യാർഥികളും യാത്രക്കാരുമടക്കം ബംഗളൂരുവിലേക്ക‌് ഒട്ടേറെ പേർ ഇതുമൂലം തിരൂരിനെ ആശ്രയിക്കേണ്ടിവരുന്നു. കോയമ്പത്തൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്കും വ്യാപാരികളടക്കമുള്ളവർക്കും വൈകുന്നേരത്തെ ചെന്നൈ മെയിൽ പോയിക്കഴിഞ്ഞാൽ അർധരാത്രിക്കുശേഷം രണ്ടരക്കുള്ള വെസ്റ്റ് കോസ്റ്ററിനെ ആശ്രയിക്കേണ്ട അവസ്ഥയാണ‌്. 
യശ്വന്ത്പുർ എക്സ്പ്രസ് പരപ്പനങ്ങാടിയിൽ നിർത്തണമെന്ന ആവശ്യത്തിന‌് റെയിൽവേ മുഖംതിരിക്കുമ്പോൾ സമ്മർദംചെലുത്തി സ്റ്റോപ്പനുവദിപ്പിക്കാൻ എംപിക്ക് ആകുന്നുമില്ല. മാവേലി എക്സ്പ്രസിന്റെ സ്ഥിതിയും ഇതുതന്നെ. 
മേൽക്കൂരകളില്ലാ 
പ്ലാറ്റ്ഫോം 
മഴയും വെയിലുമേറ്റ‌് ട്രെയിൻ കാത്തുനിൽക്കേണ്ടിവരുന്നവരാണ് പരപ്പനങ്ങാടിയിലെ യാത്രക്കാർ. രണ്ട് പ്ലാറ്റ്ഫോമുകളുടെയും സ്ഥിതി ഭിന്നമല്ല. അർധരാത്രിയിൽ നിർത്തുന്ന വണ്ടികളിൽനിന്നും വരുന്ന യാത്രക്കാർക്ക് ആവശ്യമായ വെളിച്ചം നൽകാൻ പ്ലാറ്റ്ഫോമിൽ ലൈറ്റുകളില്ല.  കുടിവെള്ള സംവിധാനവും അപര്യാപ്തം.
ഒന്നാം പ്ലാറ്റ്ഫോമിലെ ടോയ് ലറ്റ് സൗകര്യം ഫലപ്രദമല്ല. രണ്ടാം പ്ലാറ്റ‌്ഫോമിൽ  ടോയ‌് ലറ്റ‌് പോലുമില്ല.  പ്ലാറ്റ്ഫോമിന്
ആവശ്യമായ നീളമില്ലാത്തത്  കയറുന്നതിനും ഇറങ്ങുന്നതിനും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.  ചരക്ക‌് കയറ്റിയിറക്കിനും  പ്രയാസമുണ്ട‌്. പരിപ്പനങ്ങാടി ആദർശ‌് സ‌്റ്റേഷനാണെങ്കിലും പദ്ധതിപ്രകാരം വേണ്ടതൊന്നും ഇവിടെയില്ലെന്ന‌ുമാത്രമല്ല,  പ്രഖ്യാപനമെല്ലാം ജലരേഖയായി.
ഇരു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ സ്ഥാനത്തിലെ അശാസ്ത്രീയത ഒരുപോലെ നാട്ടുകാരെയും യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നു. ഒന്നാം പ്ലാറ്റ്ഫോമിലെ  കൗണ്ടറിൽനിന്ന‌് ടിക്കറ്റെടുത്ത് രണ്ടാം പ്ലാറ്റ്ഫോമിലേക്ക‌് കടക്കണമെങ്കിൽ ഏറെനേരം സഞ്ചരിക്കണം ഓവർ ബ്രിഡ്ജിനടുത്തെത്താൻ. റെയിൽവേ സ‌്റ്റേഷനടുത്തുള്ള രണ്ട് സ്കൂളുകളിലെ വിദ്യാർഥികൾക്ക് നിലവിൽ അണ്ടർ ബ്രിഡ്ജ്  വഴി   റോഡിലെത്താൻ മുക്കാൽ കിലോമീറ്ററോളം നടക്കേണ്ട അവസ്ഥയുമുണ്ട്. ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ സ്ഥാനനിർണയം ശരിയായിരുന്നെങ്കിൽ ഈ ദുരിതം ഒഴിവാക്കാമായിരുന്നു. പ്ലാറ്റ്ഫോമിൽ വേണ്ടത്ര ഇരിപ്പിടം ഇല്ലാത്തതും യാത്രക്കാർക്ക‌് ദുരിതമാകു ന്നു. വാഹന പാർക്കിങ‌്  സൗകര്യവുമില്ല.  
 ഷൊർണൂരിനും കലിക്കറ്റിനും ഇടയിലെ പ്രധാന സ്‌റ്റേഷനായിട്ടും അവഗണനയിൽനിന്നും മോചനമില്ലാതെ തുടരുകയാണ് പരപ്പനങ്ങാടി.
പ്രധാന വാർത്തകൾ
 Top