പൊന്നാനി
ട്രോളിങ് നിരോധമാണ്, ബോട്ടുകൾ ഹാർബറിലടുപ്പിച്ച് തൊഴിലാളികൾ 52 ദിവസത്തേക്ക് കടലിനോട് വിടപറഞ്ഞു. വലകൾ നെയ്‌തും കടൽപ്പാട്ടുപാടിയും ദിനങ്ങൾ തള്ളിനീക്കുകയാണവർ. എങ്കിലും തീരത്ത് സന്തോഷം അലയടിക്കുന്നുണ്ട്. മന്ത്രി സജി ചെറിയാൻ മത്സ്യത്തൊഴിലാളികളെ കേൾക്കാനെത്തുന്നു, ഒപ്പം അവർക്കായി 100 ഫ്ലാറ്റുകൾകൂടി ഒരുങ്ങുന്നു.
പുനർഗേഹം പദ്ധതിയിൽ നിർമിച്ച ഫ്ലാറ്റിൽ 128 കുടുംബങ്ങളുണ്ട്. കടലിനെ പേടിക്കാതെ അവർ സുഖമായി കഴിയുന്നു. നിലവിലെ ഫ്ലാറ്റ് സമുച്ചയത്തോട് ചേർന്ന് പുതിയ കെട്ടിടവും ഒരുങ്ങുന്നു. പാലപ്പെട്ടിമുതൽ പൊന്നാനി അഴീക്കൽവരെ തീരത്ത് 50 മീറ്റർ ചുറ്റളവിൽ കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണിത്.
കൊല്ലം കരുനാഗപള്ളിയിലെ അബ്‌ദുൽ വാഹിദാണ് കരാർ ഏറ്റെടുത്തത്.
തിരുവനന്തപുരം വലിയതുറയിൽ നിർമിച്ച രീതിയിലാണ് സിസൈൻ. 14 കോടി രൂപ ചെലവഴിക്കും. 540 സ്‌ക്വയർഫീറ്റിൽ ഒരു ബ്ലോക്കിൽ എട്ട് ഫ്ലാറ്റുകളുണ്ടാകും. 13 ബ്ലോക്കുകൾ നിർമിക്കും. ഡ്രെയിനേജ് സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്. നിർമാണം ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഞായറാഴ്‌ച ഉദ്‌ഘാടനംചെയ്യും.
ഡീസൽ ബങ്ക് റെഡി
പൊന്നാനി ഫിഷിങ് ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്കായി മത്സ്യഫെഡ് ആരംഭിച്ച ഡീസൽ ബങ്കും ഞായറാഴ്‌ച മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനംചെയ്യും. അളവും ഗുണമേന്മയും ഉറപ്പാക്കി മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ വിതരണം നടത്തുകയാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികൾക്കിനി ഡീസൽ വാങ്ങാൻ കിലോമീറ്ററുകൾ പോകേണ്ട.
ഹാർബറിൽ നങ്കൂരമിട്ട ബോട്ടുകളിലേക്ക് ഡീസലെത്തും. 100 ലിറ്ററിനുമുകളിൽ ഡീസൽ നിറയ്‌ക്കുന്നവർക്ക് ലിറ്ററിന് ഒരുരൂപ നിരക്കിൽ സ്‌പോട്ട് ഡിസ്‌കൗണ്ടുണ്ട്. ഹിന്ദുസ്ഥാൻ പെട്രോളിയം ഫ്ലീറ്റ് കാർഡ് സിസ്റ്റത്തിലൂടെ പണംനൽകിയാൽ 40 പൈസയുടെ ആനുകൂല്യവും ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..