തേഞ്ഞിപ്പലം
വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാർഥികളുമായി സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി ആറിന് കലിക്കറ്റ് സർവകലാശാലയിൽ എത്തും. "യുവ കേരളം നവകേരളം' എന്ന് പേരിട്ടിരിക്കുന്ന കൂടിക്കാഴ്ച കേരള, കുസാറ്റ്, കണ്ണൂർ സർവകലാശാലകളിലും സംഘടിപ്പിക്കുന്നുണ്ട്. കലിക്കറ്റ് സർവകലാശാലക്കുകീഴിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 200ഓളം വിദ്യാർഥികൾ ഇ എം എസ് സെമിനാർ കോപ്ലക്സിൽ മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കും. 500ഓളം വരുന്ന വിദ്യാർഥികൾ ഓൺലൈനായും പങ്കെടുക്കും. ആരോഗ്യ സർവകലാശാല, കാർഷിക സർവകലാശാല, കലാമണ്ഡലം, മലയാള സർവകലാശാലകളിലെ വിദ്യാർഥികളും കലിക്കറ്റിൽ പങ്കെടുക്കും. കലാ–-- കായിക - ഗവേഷണ മേഖലകളിലുൾപ്പടെ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാർഥികളിൽനിന്ന് മുഖ്യമന്ത്രി കേരള വികസനത്തിന്റെ അഭിപ്രായങ്ങൾ തേടും. പരിപാടി വിജയിപ്പിക്കുന്നതിനായി കലിക്കറ്റിൽ ആലോചനാ യോഗം നടന്നു. വൈസ് ചാൻസലർ ഡോ. എം കെ ജയരാജ്, രജിസ്ട്രാർ ഡോ. സി എൽ ജോഷി, സിൻഡിക്കറ്റംഗങ്ങളായ കെ കെ ഹനീഫ, പ്രൊഫ. എം എം നാരായണൻ, ഡോ. എം മനോഹരൻ എന്നിവർ പങ്കെടുത്തു. വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് ചെയർമാനും സിൻഡിക്കറ്റംഗം പ്രൊഫ. എം എം നാരായണൻ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..