23 September Wednesday

ആഗ്രഹിച്ച യാത്ര തീർന്നത്‌ മരണത്തിൽ

മനു വിശ്വനാഥ്‌Updated: Sunday Aug 9, 2020

 

താനൂർ
നിറമരുതൂർ സ്വദേശി ശാന്തയുടെ ആദ്യ വിദേശയാത്ര അവസാനിച്ചത് മരണത്തിൽ. സഹോദരപുത്രൻ മനോജിന്റെകൂടെയാണ് നാട്ടിലേക്ക് പുറപ്പെട്ടത്. യാത്ര അവസാനിച്ചപ്പോൾ മനോജ് മാത്രം ബാക്കിയായി. ദുബായിൽ ജോലിചെയ്യുന്ന മരുമകളുടെ പ്രസവ ശുശ്രൂഷയ്‌ക്കായി ഫെബ്രുവരിയിലാണ് ശാന്ത വിമാനം കയറിയത്‌. കഴിഞ്ഞ മാസം തിരിച്ചുവരാനിരുന്നതാണ്. എന്നാൽ കോവിഡ്  കാരണം യാത്ര നീട്ടി. മനോജ് നാട്ടിലേക്ക് വരുന്നുണ്ടെന്നറിഞ്ഞതോടെ കൂടെ ടിക്കറ്റ് എടുത്തു.
നാട്ടുകാർക്കും അയൽവാസികൾക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു ശാന്ത. ആദ്യമായി നടത്തിയ വിമാന യാത്രയെക്കുറിച്ച് വീട്ടുകാരോടും ഏറെ വാചാലയായിരുന്നു.  
അപകടത്തെത്തുടർന്ന് ശാന്തയെ ഏത് ആശുപത്രിയിലേക്കാണ് മാറ്റിയതെന്ന് കണ്ടെത്താൻ ബന്ധുക്കൾ പ്രയാസപ്പെട്ടു. രാത്രി പത്തോടെയാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളതായി വിവരം വീട്ടുകാർക്ക് ലഭിച്ചത്. പത്തരയോടെ മരിച്ചെന്ന്‌ അറിഞ്ഞു. കൂടെയുണ്ടായിരുന്ന മനോജിന്‌ നിസ്സാര പരിക്കുണ്ട്‌. ഭർത്താവ്: കുളങ്ങര ബാലകൃഷ്ണൻ. മക്കൾ: പ്രജീഷ്, നിധീഷ്, സിബിൻ. മരുമക്കൾ: റിൻജി, ആതിര.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top