19 August Monday

വൈഷ്ണവ‌് സഞ്ചരിക്കും ഇലക്ട്രിക് വീൽചെയറിന്റെ കരുത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019

വൈഷ്ണവിന് സി പി കുഞ്ഞിമുഹമ്മദ‌് ഇലക്ട്രിക് വീൽചെയർ സമ്മാനിക്കുന്നു

 

തേഞ്ഞിപ്പലം
വൈകല്യത്തെ മനോധൈര്യത്താൽ മറികടന്ന‌് എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വൈഷ്ണവ‌് ഇനിമുതൽ സഞ്ചരിക്കുക ഇലക്ട്രിക് വീൽചെയറിൽ. സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ‌് ബഷീറിന്റെ പ്രത്യേക താല്‍പ്പര്യത്തിലാണ‌് വീൽചെയർ തയാറായത‌്. ജെഡിറ്റി ഇസ്ലാം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ സി പി കുഞ്ഞിമുഹമ്മദാണ് സ്കൂളിലെത്തി വൈഷ്ണവിന് വീൽചെയർ  സമ്മാനിച്ചത്. തേഞ്ഞിപ്പലം എളുമ്പിലാശേരി ശ്രീശിവത്തിൽ എം വിനോദ് കുമാറിന്റെയും വൃന്ദയുടെയും മകനാണ് യൂണിവേഴ്സിറ്റി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ‌്‌വൺ കൊമേഴ്സ് വിദ്യാർഥിയായ വൈഷ്ണവ‌്. അരയ്ക്കുതാഴെയും കൈയിലും വൈകല്യമുള്ള വൈഷ്ണവ് എസ്എസ്എൽസി പരീക്ഷയെഴുതിയത് സ്ക്ക്രെബിന്റെ സഹായത്തിലാണ‌്. അഞ്ച് വിഷയത്തിൽ എ പ്ലസും നാല‌് വിഷയത്തിൽ എയും നേടി. ദിവസവും രാവിലെയും വൈകിട്ടും അമ്മയാണ‌് വൈഷ്ണവ‌ിനെ സ്കൂളിലെത്തിച്ചത‌്. വീട്ടിലും സ്കൂളിലും വൈഷ്ണവിന് ഇരിക്കാൻ പ്രത്യേക കസേരയുമുണ്ട‌്. ഇതറിഞ്ഞ വൈസ് ചാൻസലറുടെ ഡ്രൈവർ ഷാബുവാണ് ഡോ. കെ മുഹമ്മദ് ബഷീറിന്റെ ശ്രദ്ധയിൽ വൈഷ്ണവിന്റെ കാര്യമെത്തിച്ചത‌്. വിസി സി പി കുഞ്ഞിമുഹമ്മദിന്റെ സഹായംതേടിയതോടെയാണ‌് വീൽചെയർ ലഭ്യമായത‌്. ക്യാമ്പസിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വൈസ് ചാൻസലറുടെ അഭ്യർഥനയിൽ മുമ്പും വീൽചെയർ നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങ് വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ‌് ബഷീർ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ‌് വി രമേശ് അധ്യക്ഷനായി. സി പി കുഞ്ഞിമുഹമ്മദ‌്  വൈഷ്ണവിന് ഇലക്ട്രിക് വീൽചെയർ കൈമാറി. എസ്എംസി ചെയർമാൻ പി വി രഘുനാഥ്, സ്കൂൾ ഡെപ്യൂട്ടി പ്രധാനാധ്യാപിക പി സീമ, സ്കൂള്‍ പ്രിന്‍സിപ്പല്‍ റോയിച്ചന്‍ ഡൊമിനിക്ക്  എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top