19 June Wednesday
പള്ളിക്കൽ പഞ്ചായത്ത‌്

എസ‌്സി വനിതാ പ്രസിഡന്റിനെ വേട്ടയാടി ലീഗ്

സ്വന്തം ലേഖകൻUpdated: Saturday Mar 9, 2019
 
 
കൊണ്ടോട്ടി
പള്ളിക്കൽ പഞ്ചായത്തിൽ  ലീഗുകാരിയായ എസ്‌സി വനിതാ പ്രസിഡന്റിനെ നിരന്തരം വേട്ടയാടി ലീഗ്. അഴിമതിക്കും കെടുകാര്യസ്ഥതക്കും കൂട്ടുനിൽക്കാൻ തയാറല്ലെന്ന പ്രസിഡന്റ‌് പറമ്പൻ മിഥുനയുടെ ഉറച്ചനിലപാടാണ‌് ലീഗിന്റെ ഉറക്കംകെടുത്തുന്നത‌്. 
പഞ്ചായത്തിൽ പ്രസിഡന്റ‌് പദവി എസ്‌സി വനിതാ സംവരണമാണ‌്. വിദ്യാഭ്യാസ യോഗ്യതയുള്ള മിഥുനയെ പഞ്ചായത്ത് ഭരിക്കാൻ ലീഗ് നിർദേശിച്ചത് മറ്റൊരാളെ പകരം വയ‌്ക്കാനില്ലാത്തതിനാലാണ്. എന്നാൽ പിൻസീറ്റ് ഡ്രൈവിങ്ങിലൂടെ ‘അജന്‍ഡ’ നടപ്പാക്കാനുള്ള ലീഗ‌് തന്ത്രം ഫലിച്ചില്ല. വസ്തുനിഷ്ഠമായി കാര്യങ്ങൾ ഗ്രഹിച്ച പ്രസിഡന്റ് നിലപാട് കടുപ്പിച്ചു. അതോടെ വെട്ടിലായ ലീഗ് പഞ്ചായത്ത് ബോർഡ് യോഗംപോലും കലക്കാനാണ് ശ്രമിച്ചത്.
മന്ത്രി കെ ടി ജലീലിനൊപ്പം കരിപ്പൂരിലെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനത്തിന്  പ്രസിഡന്റ് വേദി പങ്കിട്ടതാണ് ലീഗ് ആദ്യം വലിയതെറ്റായി ചൂണ്ടിക്കാണിച്ചത്. ലീ​ഗ് പ്രാദേശികനേതൃത്വത്തിന്റെ വിലക്ക‌് അവഗണിച്ചായിരുന്നു ഇത‌്. തൊട്ടടുത്ത ദിവസം ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി കരിപ്പൂർ വിമാനത്താവള ടെർമിനൽ ഉദ്ഘാടനചടങ്ങിൽ മന്ത്രി കെ ടി ജലീലുമായി വേദി പങ്കിട്ടു. ജലീലിനെതിരെ യൂത്ത് ലീഗ് സംസ്ഥാന നേതാവ് പി കെ ഫിറോസിന്റെ വാദം പൊള്ളയാണെന്ന് അഖിലേന്ത്യാ സെക്രട്ടറിക്ക‌് ബോധ്യപ്പെട്ടിട്ടും പള്ളിക്കൽ പഞ്ചായത്തിലെ ലീഗ് പ്രാദേശിക നേതാക്കൾമാത്രം തിരിച്ചറിഞ്ഞില്ല. അതിന്റെപേരിൽ ഇപ്പോഴും പഞ്ചായത്ത് പ്രസിഡന്റിനെ വേട്ടയാടുകയാണ‌് ലീഗ‌്.  ജനുവരി ഒന്നിന്റെ വനിതാ മതിലിൽ പങ്കെടുത്തതും മിഥുനക്കെതിരെ ആയുധമാക്കി. പ്രസിഡന്റിനെ ഒതുക്കാൻ  പഞ്ചായത്തിന്റെ സുഗമമായ പ്രവർത്തനംപോലും ലീഗ് തടസ്സപ്പെടുത്തി.  ബോർഡ് യോഗംപോലും സുഗമമായി ചേരാൻ യുഡിഎഫ് അംഗങ്ങൾ അനുവദിച്ചില്ല. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് ബോർഡ് യോഗത്തിൽ ലീഗ് അഴിഞ്ഞാടി. അത‌് മറച്ചുവയ‌്ക്കാൻ  കള്ള പ്രചാരണം നടത്തുകയാണ്. ലീഗിലെ വനിതാ അംഗം ഇടതുപക്ഷ അംഗത്തെ ക്രൂരമായി മർദിച്ചതും മറച്ചുപിടിക്കാനാണ‌് ലീഗിന്റെ ശ്രമം.
പ്രധാന വാർത്തകൾ
 Top