19 January Wednesday

തൊഴിലാളിക്ക് ചികിത്സാനിഷേധം: ഇഎസ്ഐ നഷ്ടപരിഹാരം നല്‍കണം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

 മലപ്പുറം

തൊഴിൽസ്ഥാപനത്തിൽ വീണ് കൈക്ക്‌ പരിക്കുപറ്റിയ തൊഴിലാളിക്ക് ഉചിതമായ ചികിത്സക്ക് അവസരം നിഷേധിച്ച ഇഎസ്ഐയുടെ നടപടി സേവനത്തിലുള്ള വീഴ്ചയാണെന്നും നഷ്ടപരിഹാരം നൽകണമെന്നും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ വിധിച്ചു. ഒരുലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ ചെലവും നൽകുന്നതിനാണ് മോഹൻദാസ് പ്രസിഡന്റ്, പ്രീതി ശിവരാമൻ മെമ്പറുമായ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ വിധിച്ചത്. ഒരുമാസത്തിനകം വിധി നടപ്പാക്കിയില്ലെങ്കിൽ 12 ശതമാനം പലിശ നൽകണമെന്നും വിധിച്ചു. 2014 ജൂലൈ 15ന് എടരിക്കോട് സ്പിന്നിങ് മില്ലിലെ തൊഴിലാളിക്ക് ജോലിസ്ഥലത്ത് വീണ് പരിക്കുപറ്റിയ പരാതിയിലാണ് വിധി. തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സക്ക് ചെന്നപ്പോൾ സർജറി ആവശ്യമായതിനാൽ ഭീമമായ തുകയാണ് ആവശ്യപ്പെട്ടത്. അത് നൽകാൻ കഴിയാത്തതിനാലാണ് തൊഴിലാളി  ഇഎസ്ഐ പ്രകാരമുള്ള ചികിത്സക്ക് ഇഎസ്ഐ ആശുപത്രിയെ സമീപിച്ചത്. സർജറി ആവശ്യമാണെന്ന് കണ്ടെത്തിയെങ്കിലും അതിന് സൗകര്യമില്ലാത്തതിനാൽ പ്ലാസ്റ്ററിട്ടുകൊണ്ടുള്ള ചികിത്സയാണ് നൽകിയത്. ചികിത്സ തീർന്നപ്പോൾ കൈ വികലമായി. ഇതേ തുടർന്നാണ് ചികിത്സാ നിഷേധം ആരോപിച്ച് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷനിൽ പരാതി നൽകിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top