25 September Friday

മുന്നൊരുക്കം തുണച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
മലപ്പുറം
പ്രളയം നേരിടാൻ സർക്കാർ സംവിധാനങ്ങൾ ഒത്തൊരുമിച്ച് നടത്തിയ മുന്നൊരുക്കം ഗുണം ചെയ്തതായി കലക്ടർ കെ ഗോപാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ പ്രളയത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടാണ് മുന്നൊരുക്കം നടത്തിയത്. ദുരന്തബാധിത മേഖലയിൽ ഫിഷറീസ് വകുപ്പിന്റെ 209 ബോട്ടുകൾ നേരത്തെ എത്തിച്ചു. ഫയർ ഫോഴ്സ്, പൊലീസ്, സുരക്ഷാ ഗാർഡ് എന്നിവരുടെ സേവനം ഉറപ്പാക്കി. ഒമ്പത് മേഖലകളായി തിരിച്ച് സംഘം നിലയുറപ്പിച്ചു. 
ദേശീയ ദുരന്ത നിവാരണ സേനയെ നിലമ്പൂരിലെത്തിച്ചു. എല്ലാ താലൂക്കിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഓരോ സെന്ററിലും പത്ത് ടെലിഫോൺ ലൈനുകൾ ഒരുക്കി. ഫയർ സ്‌റ്റേഷനുകളിൽ  അഞ്ച് ടെലി ലൈനുകൾ ഒരുക്കി. എല്ലായിടത്തും ഹാം റേഡിയോ സജ്ജമാക്കി. കല്ല്, കളിമണ്ണ് ഉൾപ്പെടെ എല്ലാ ഖനനവും നിരോധിച്ചു. 
ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുന്നതിന് വില്ലേജ് ഓഫീസർമാർക്ക് 25,000 രൂപ ആദ്യമേ കൈമാറി. ക്യാമ്പിലേക്ക് അവശ്യസാധനങ്ങൾ ഉറപ്പാക്കി.
എല്ലാ പട്ടികവർഗ കോളനികളിലും പത്ത് ദിവസത്തേക്കുള്ള ഭക്ഷ്യധാന്യം മുൻകൂട്ടി എത്തിച്ചു. അവശ്യസാധനങ്ങൾ എത്തിക്കാൻ ട്രൈബൽ ഓഫീസർമാർക്ക് അനുവാദം നൽകി. 
കഴിഞ്ഞ പ്രളയത്തിൽ ചാലിയാറിലും മറ്റ് പുഴകളിലും അടിഞ്ഞ ചെളിയും മാലിന്യങ്ങളും നേരത്തെ നീക്കി. ഇതിനായി 2.5 കോടി ചെലവഴിച്ചു. 44 ലക്ഷം രൂപ ചെലവഴിച്ച് ഭാരതപ്പുഴയിലെ മൺകൂനകളും ചെടിപ്പടർപ്പും നീക്കി. 
ഇത് ജലത്തിന്റെ ഒഴുക്ക് സുഗമമാക്കി. വയനാട്ടിലും ചാലിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിലും ചെയ്യുന്ന കനത്ത മഴയാണ് ചാലിയാറിൽ ജലനിരപ്പ് ഉയരാൻ കാരണം. ഏത് സാഹചര്യവും നേരിടാൻ ജില്ല സജ്ജമാണെന്നും കലക്ടർ പറഞ്ഞു.
 
നാടുകാണി പാതയിൽ രാത്രിയാത്രാ നിരോധം
പ്രളയ സാധ്യത മുന്നിൽകണ്ട് നിലമ്പൂർ - വഴിക്കടവ്- നാടുകാണി പാതയിൽ ശനിയാഴ്ചമുതൽ വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി കലക്ടർ അറിയിച്ചു. രാത്രി എട്ടുമുതൽ രാവിലെ ആറുവരെയാണ് നിരോധം. ചരക്കുവാഹനങ്ങൾ ഉൾപ്പെടെ കടത്തിവിടില്ല. ഇതിനായി പൊലീസിനെ നിയോഗിക്കും.
 
ക്യാമ്പുകളിൽ പ്രവേശനമില്ല
ദുരിതാശ്വാസ ക്യാമ്പുകളിൽ പുറമേ നിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കില്ല. സാധനങ്ങൾ എത്തിക്കുന്നവർ ക്യാമ്പിലെ ഫ്രണ്ട് ഓഫീസിൽ നൽകണം. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top