24 September Thursday
കവളപ്പാറ ദുരന്തത്തിന്‌ ഇന്ന്‌ ഒരാണ്ട്‌

ഓർമയുടെ മണ്ണടരിൽ സ്വജീവിതം അന്യജീവനുതകാൻ...

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
 
എടക്കര
അടിവാരത്തേക്ക്‌‌ ഒഴുകിയടിഞ്ഞ മുത്തപ്പൻമല കവർന്ന 59 പേരുടെ വിയോഗത്തിന്‌ ശനിയാഴ്‌ച ഒരു വർഷം. കെട്ടിപ്പടുത്തതെല്ലാം ഉരുളെടുത്തവരുടെ ഓർമയിൽ നാടിന്റെ മഹാദാനം. കവളപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ സ്‌മരണ പുതുക്കി 59 യുവജനങ്ങൾ അവയവദാന സമ്മതപത്രം കൈമാറും. 
ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട സുമോദ്, വീട് ഇല്ലാതായ പ്രതീഷ് എന്നിവരുൾപ്പെടെയുള്ളവർ അവയവദാന സമ്മതപത്രം നൽകും. 
 2019 ആഗസ്ത് എട്ടിന്‌ രാത്രിയായിരുന്നു പോത്ത്‌കല്ല്‌ പഞ്ചായത്തിലെ കവളപ്പാറയിൽ ഉരുൾപൊട്ടൽ. പൊതുരംഗത്ത്  പ്രവർത്തിച്ചവരുൾപ്പെടെയുള്ളവരെ നാടിന്‌ നഷ്ടമായി. 
ദുരന്തഭൂമികയിൽ സിപിഐ എം പോത്ത്കല്ല് ലോക്കൽ കമ്മിറ്റിയുടെ അനുസ്മരണ യോഗം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി അനിൽ ഉദ്ഘാടനംചെയ്യും. ഡിവൈഎഫ്ഐ എടക്കര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിലാണ്‌ അവയവദാന സമ്മപത്രം കൈമാറൽ. ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ പി ഷെബീറിൽനിന്ന് പി വി അൻവർ എംഎൽഎ ഏറ്റുവാങ്ങും.
 
പടുത്തുയർത്താം പുതുജീവിതം 
എടക്കര
കവളപ്പാറ ഉരുൾപൊട്ടലിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവർക്കുള്ള സഹായധനം ഉടൻ വിതരണംചെയ്യുമെന്ന്‌ കലക്ടർ കെ ഗോപാലകൃഷ്‌ണൻ അറിയിച്ചു.  ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക്‌ 10 ലക്ഷംവീതം കലക്ടറുടെ അക്കൗണ്ടിലെത്തി. രണ്ട് ദിവസത്തിനകം നിലമ്പൂർ തഹസിൽദാറുടെ അക്കൗണ്ടിലേക്ക് തുക കൈമാറും. തൊട്ടടുത്തദിവസംതന്നെ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക്‌ നിക്ഷേപിക്കും. 
ഓരോരുത്തർക്കും ഇഷ്ടമുള്ള സ്ഥലത്ത് ഭുമി വാങ്ങാൻ ആറ് ലക്ഷവും വീട് നിർമാണത്തിന് നാല് ലക്ഷവുമാണ് നൽകുന്നത്. വീട് നിർമാണത്തിൽ ജില്ലാ ഭരണകാര്യാലയം പ്രത്യേകം ശ്രദ്ധിക്കും.  ഉരുൾപൊട്ടലിൽ മരിച്ചവരുടെ അനന്തരാവകാശികൾക്കും ദുരന്തപ്രദേശത്തുനിന്ന് മാറിത്താമസിക്കണമെന്ന് ജിയോളജി വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചവർക്കുമാണ് സർക്കാർ പത്ത് ലക്ഷംവീതം അനുവദിച്ചത്. 7.78 കോടിയാണ്‌ വിതരണംചെയ്യുന്നത്. 67 ദുരിതബാധിത കുടുംബങ്ങൾക്ക് സ്ഥലം വാങ്ങാൻ 4.02 കോടിയും  94 ഗുണഭോക്താക്കൾക്ക് വീട് നിർമിക്കാൻ 3.76 കോടിയും. ഇതോടെ കവളപ്പാറ ദുരന്തത്തിനിരയായ മുഴുവൻ കുടുംബങ്ങൾക്കും  ഭൂമിക്കും വീടിനുമുള്ള സഹായധനത്തിന്‌ നടപടിയായി. 67 കുടുംബങ്ങൾ ഒഴികെ മറ്റുള്ളവർക്ക് സർക്കാർ മുമ്പ് തുക കൈമാറി വീട് നിർമാണം പുരോഗമിക്കുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top