24 September Thursday
മഴയ്‌ക്ക്‌ ശമനമില്ല; ഇന്ന് റെഡ് അലര്‍ട്ട്

ഭീതി കനത്തു

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന പൊന്നാനി മരക്കടവിലെ തണ്ണീര്‍ കുടിയന്റെ ബാവക്കുട്ടിയുടെ വീട്

മലപ്പുറം
ജില്ലയിൽ മഴയ്ക്ക്‌ വ്യാഴാഴ്‌ചയും ശമനമില്ല. മലയോര മേഖലയിൽ അതിതീവ്ര മഴ തുടർന്നതോടെ ചാലിയാർ കരകവിഞ്ഞു. നിലമ്പൂർ ടൗണിൽ ഉൾപ്പെടെ വെള്ളം കയറി. ജില്ലയിൽ എട്ട്‌ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.  ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന്‌ ആഢ്യൻപാറ ജലവൈദ്യുതി പദ്ധതിയിൽ ഉൽപ്പാദനം ഭാഗികമായി തടസ്സപ്പെട്ടു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വെള്ളിയാഴ്‌ച ജില്ലയിൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു.  എല്ലാ താലൂക്കുകളിലും കൺട്രോൾ റൂം  24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്‌.
ചാലിയാർ കരകവിഞ്ഞതോടെ മുപ്പിനി, മുട്ടിക്കടവ് പാലങ്ങൾ വെള്ളത്തിനടിയിലായി.  മഴ തുടരുന്ന സാഹചര്യത്തിൽ നദിക്കരയിൽ താമസിക്കുന്നവരോട്‌ കനത്ത ജാഗ്രത പാലിക്കാൻ   അധികൃതർ  നിർദേശം നൽകി.
നിലമ്പൂർ താലൂക്കിൽ ആറും ഏറനാട്, പൊന്നാനി താലൂക്കുകളിൽ ഓരോ ക്യാമ്പുകളുമാണ് പ്രവർത്തിക്കുന്നത്. 104 കുടുംബങ്ങളിൽനിന്നായി 408 പേർ ക്യാമ്പുകളിലുണ്ട്. നിലമ്പൂർ താലൂക്കിൽ ആറ് ക്യാമ്പുകളിലേക്ക് 393 പേരെ മാറ്റിപ്പാർപ്പിച്ചു. മുണ്ടക്കടവ്, നെടുങ്കയം ആദിവാസി കോളനികളിലെ 153 പേരെ സുരക്ഷിത മേഖലയിലേക്ക് മാറ്റി.   ചാലിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ചെക്കുന്ന് മലക്ക് താഴെ ഈന്തുമ്പാലി കോളനിയിലെ  13 ആദിവാസി കുടുംബങ്ങളിൽനിന്നായി 70ഓളം പേരെ  സുരക്ഷ  മുൻനിർത്തി മാറ്റിപ്പാർപ്പിച്ചു.
പ്രളയ രക്ഷാപ്രവർത്തനങ്ങൾക്കായി കൊണ്ടോട്ടി താലൂക്കിൽ 48 ക്യാമ്പുകൾ തയ്യാറായി.  പ്രളയ സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്നതിന്‌ ചീക്കോട്  പഞ്ചായത്തിൽ ബെയ്‌സ് ക്യാമ്പ് ആരംഭിച്ചു.മരം കടപുഴകി വൈദ്യുതി പോസ്‌റ്റുകൾ തകർന്നതോടെ ജില്ലയിൽ മിക്കയിടത്തും വൈദ്യുതിബന്ധം താറുമാറായി. കെടുതി കനത്തതോടെ മിക്കവാറും ഭാഗങ്ങളിൽ രണ്ട്‌ ദിവസമായി വൈദ്യുതിയില്ല.
 
ജില്ലയിൽ എട്ട് ക്യാമ്പുകള്‍ തുറന്നു 
മലപ്പുറം
ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 
നിലമ്പൂർ താലൂക്കിൽ ആറും ഏറനാട്, പൊന്നാനി താലൂക്കുകളിൽ ഓരോ ക്യാമ്പുകളുമാണ് പ്രവർത്തിക്കുന്നത്. 104 കുടുംബങ്ങളിൽനിന്നായി 408 പേർ ക്യാമ്പുകളിലുണ്ട്. 
നിലമ്പൂരിൽ എരുമമുണ്ട നിർമല എച്ച്എസ്എസ്, പൂളപ്പാടം ജിഎൽപി സ്‌കൂൾ, ഭൂദാനം എഎൽപി സ്‌കൂൾ, പുളിയിൽ ജിഎൽപി സ്‌കൂൾ കരുളായി, എടക്കര ജിഎച്ച്‌എസ്, നെടുങ്കയം ഗവ. ട്രൈബൽ എൽപിഎ സ്‌കൂൾ എന്നിവിടങ്ങളിലാണ്‌ ക്യാമ്പുകൾ. 
ഏറനാടിൽ സാംസ്‌കാരിക നിലയം, വെണ്ടേക്കുംപൊയിൽ നിർമല എച്ച്‌എസ്‌എസ്‌ എന്നിവിടങ്ങളിലായി രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം, എംഇഎസ് എച്ച്എച്ച്എസ് എന്നിവിടങ്ങളിൽ 20 മുതൽ ക്യാമ്പ് തുറന്നിട്ടുണ്ട്. ഇവിടെ രണ്ട് കുടുംബങ്ങളാണ് ഉള്ളത്.
കൊണ്ടോട്ടി താലൂക്കിൽ 48 ക്യാമ്പുകൾ തയ്യാറായി.
 
 
ശ്രദ്ധിക്കുക...!
● മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം. 
● അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണം. 
● ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടങ്ങളിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. 
● ദുരന്തസാധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് തയ്യാറാക്കിവയ്ക്കുക. 
● നദികൾ മുറിച്ചുകടക്കാനോ നദികൾ, മറ്റ് ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്‌. 
● ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിൽ കയറി കാഴ്ച കാണുകയോ 
സെൽഫിയെടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top