07 June Sunday

കരുതലിന്റെ നാൾവഴികള്‍

സ്വന്തം ലേഖകൻUpdated: Tuesday Apr 7, 2020
മഞ്ചേരി
ജില്ലയിലെ ആദ്യ കോവിഡ്‌ ബാധിത മൂന്നാഴ്‌ചത്തെ വിദഗ്‌ദ്ധ  ചികത്സയ്‌ക്കുശേഷം രോഗമുക്തി നേടുമ്പോൾ ആരോഗ്യ മേഖലയെ മികവോടെ ഒരുക്കിയ സർക്കാരിനും അർപ്പണബോധത്തോടെ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്കും  സംതൃപ്‌തിയുടെ നിമിഷം. ഒപ്പം 13 രോഗികളെയും നിരീക്ഷണത്തിലായ അനേകരെയുമടക്കം ചികിത്സിക്കുന്നതിനും രോഗ വ്യാപനം തടയുന്നതിനും ആരോഗ്യ ജാഗ്രതയ്‌ക്കും അത്‌ ചെറുതല്ലാത്ത ആത്മവിശ്വാസമേകുന്നു. ചൈനയിൽ വൈറസ്‌ വ്യാപനം ശക്തമായ ഘട്ടത്തിൽ  വ്യക്തമായ ആസൂത്രണത്തോടെ മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നടത്തിയ മുൻകരുതൽ പ്രവർത്തനങ്ങളാണ്‌ ഇപ്പോൾ  ഫലംകാണുന്നത്‌.  ആ നാൾവഴിയിലേക്ക്‌. 
ജനുവരി -24
ചൈനയിൽ  വൈറസ് പടർന്നപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ ഐസൊലേഷൻ വാർഡ് തുറന്നു. 12 കിടക്കകളുള്ള വാർഡാണ്‌ ഒരുക്കിയത്. ഡോക്ടർമാർക്ക് ചുമതലയും നൽകി.
ജനുവരി- 29
കെഎച്ച്ആർഡബ്ല്യു  പേവാർഡ് കെട്ടിടം മുഴുവനായും ഐസൊലേഷൻ വാർഡാക്കി മാറ്റി. 35 മുറികളുള്ള കെട്ടിടത്തിൽ ചികിത്സാ സംവിധാനങ്ങളും ഒരുക്കി. പനി ക്ലിനിക്കും ആരംഭിച്ചു.
ഫെബ്രുവരി
 ആശുപത്രിയിലെ മുഴുവൻ ജീവനക്കാർക്കും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പരിശീലനം നൽകി  ടീം സജ്ജമാക്കി.
മാർച്ച് -5
വിദേശത്തുനിന്നുള്ള മലയാളികളുടെ വരവ് കൂടി. ജാഗ്രത വർധിപ്പിച്ചു. നിരീക്ഷണം ഊർജിതമാക്കി. ജീവനക്കാർക്കുള്ള പരിശീലനം പൂർത്തിയാക്കി. 
മാർച്ച് -13 
രോഗ ലക്ഷണങ്ങളോടെ അരീക്കോട്, വാണിയമ്പലം സ്വദേശിനികളെ ആശുപത്രി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഐസൊലേഷൻ ഒപി തുടങ്ങി. 
മാർച്ച്- 16
ജില്ലയിൽ ആദ്യമായി കോവിഡ്- 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വാണിയമ്പലം, അരീക്കോട് സ്വദേശിനികളെ പ്രത്യേക വാർഡിലേക്ക് മാറ്റി.
മാർച്ച് -17
 മെഡിക്കൽ ടീം ഒരുങ്ങി. പനി ഒപിയും  ഐസൊലേഷൻ ഒപിയും പ്രത്യേകം ഒരുക്കി. കൂടുതൽ പേർ നിരീക്ഷണ വാർഡിൽ എത്തി. 
മാർച്ച്- 18
മെഡിക്കൽ കോളേജിലെ ബി ബ്ലോക്ക് കെട്ടിടം  ഐസൊലേഷൻ വാർഡാക്കി മാറ്റി. കിടക്കകളുടെ എണ്ണം 185 ആക്കി ഉയർത്തി. കോവിഡ്- ഐസിയു തുറന്നു. 
മാർച്ച്- 24 
മെഡിക്കൽ കോളേജ് ആശുപത്രി കോവിഡ് -19 സ്‌പെഷ്യൽ ആശുപത്രിയാക്കി പ്രഖ്യാപിച്ചു.  മുഴുവൻ സംവിധാനവും കോവിഡ് പരിശോധനക്കായി മാറ്റി. 
മാർച്ച്-  27
മെഡിക്കൽ ടീം വിപുലമാക്കി. പരിചരണത്തിനായി ത്രീ ടയർ സംവിധാനം നടപ്പാക്കി. കോവിഡ് പരിശോധനക്കായി ലാബ് സജ്ജമാക്കാൻ സർക്കാർ അനുമതി.
ഏപ്രിൽ -2
കോവിഡ് പരിശോധനക്കായുള്ള ലാബ് സാമഗ്രികൾ എത്തിച്ചു. 
ഏപ്രിൽ- 3
കീഴാറ്റൂരിൽനിന്ന് പുതിയ രോഗിയെ പ്രവേശിപ്പിച്ചു. വാണിയമ്പലം സ്വദേശിനിയുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവായി. പുതിയ വാർഡിലേക്ക് മാറ്റി.
ഏപ്രിൽ- 6
രോഗമുക്തയായ വാണിയമ്പലം സ്വദേശിനിയെ ഡിസ്‌ചാർജ് ചെയ്തു.
പ്രധാന വാർത്തകൾ
 Top